ബജറ്റിലും നിറഞ്ഞ് ലക്ഷദ്വീപ്; അടിസ്ഥാന സൗകര്യവികസനത്തിന് തുക വകയിരുത്തി, മാലദ്വീപിന് ബദലാകാൻ ഇന്ത്യയുടെ പവിഴദ്വീപ്

Published by
Janam Web Desk

ന്യൂഡൽഹി: രാജ്യത്തെ ആഭ്യന്തര ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് നിർമ്മല സീതാരാമൻ. ലക്ഷദ്വീപ് ഉൾപ്പെടെയുള്ള രാജ്യത്തെ ദ്വീപുകളുടെ വികസനത്തിനായി പ്രത്യേക സഹായങ്ങൾ നൽകും. ലക്ഷദ്വീപിലെ ടൂറിസം മേഖല നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണും. കടൽ- വിമാന മാർഗങ്ങളിലൂടെയാണ് ലക്ഷദ്വീപിലേക്ക് സഞ്ചാരികളെത്തുന്നത്. അതിനാൽ തുറമുഖമേഖലയിലെ വികസനത്തിന് കേന്ദ്രസർക്കാർ ഊന്നൽ നൽകും. സഞ്ചാരികൾക്ക് മികച്ച സഞ്ചാരാനുഭവം നൽകുന്നതിനായി ഇൗ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. 11 ലക്ഷം കോടിയാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി വകയിരുത്തിയിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

ഇന്ത്യ ആത്മീയ ടൂറിസത്തിന്റെ കേന്ദ്രമായി മാറുകയാണ്. ഈ രംഗത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും. പുതുതായി 149 വിമാനത്താവളങ്ങൾ യാഥാർത്ഥ്യമാക്കുമെന്നും നിലവിലുള്ളവ നവീകരിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ പത്ത് വർഷത്തെ കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ എണ്ണി പറഞ്ഞ് കൊണ്ടാണ് ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. വരുന്ന സർക്കാർ ജൂലൈയിൽ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കും. 2047- ഓടെ രാജ്യത്തെ വികസിത ഭാരതമാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. സമ്പദ് വ്യവസ്ഥയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ വലിയമാറ്റങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിച്ചെന്നും ധനമന്ത്രി പറഞ്ഞു.

ഇടക്കാല ബജറ്റിൽ ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സഹിപ്പിക്കുമെന്ന് പരാമർശിച്ചത് മാലദ്വീപിനുള്ള പരോക്ഷ മറുപടിയാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം സഞ്ചാരികളെ പ്രധാനമന്ത്രി ലക്ഷദ്വീപിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെയും പ്രധാനമന്ത്രിയെയും അധിക്ഷേപിച്ച് മാലദ്വീപ് മന്ത്രിമാർ രംഗത്തെത്തിയത്. മോദി കോമാളിയാണെന്നും ഇസ്രായേലിന്റെ കയ്യിലെ പാവയാണെന്നും ഇന്ത്യയിലെ സ്ഥലങ്ങൾക്ക് വൃത്തിയില്ലെന്നുമുൾപ്പെടെയുള്ള അധിക്ഷേപങ്ങളായിരുന്നു മാലി മന്ത്രിമാർ നടത്തിയത്. പിന്നാലെ ടൂറിസം മേഖലയിലുൾപ്പെടെ വലിയ തിരിച്ചടിയാണ് മാലദ്വീപ് നേരിട്ടത്.

Share
Leave a Comment