സിരുത്തൈ ശിവയും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കങ്കുവ. സൂര്യയുടെ ആരാധകർ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ഒന്നരവർഷത്തോളമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തെ സംബന്ധിച്ച് പുതിയൊരു അപ്ഡേഷനാണ് പുറത്ത് വന്നിരിക്കുന്നത്. കങ്കുവയുടെ ചിത്രീകരണം പുർത്തിയായെന്ന വിവരം പങ്കുവച്ചിരിക്കുകയാണ് സൂര്യ.

അവിനാശ് ഗൗരിക്കറാണ് നടൻ സൂര്യയുടെ ഫോട്ടോ പകർത്തിയത്. കങ്കുവയില്‍ സൂര്യ യോദ്ധാവായാണെത്തുക. വിവിധ കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്. ഈ വർഷം പകുതിയോടെ കങ്കുവ തിയേറ്ററിലെത്തുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. പിരീഡ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ അഞ്ച് വ്യത്യസ്ത വേഷങ്ങളിലാണ് സൂര്യ എത്തുന്നത്.
ബോളിവുഡ് താരം ബോബി ഡിയോളാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്നത്. ദീക്ഷാ പഠാനിയാണ് ചിത്രത്തിലെ നായിക. യുവി ക്രിയേഷൻസും സ്റ്റുഡിയോ ഗ്രീനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കുന്നത്.















