വാലിബനിൽ ആദ്യം ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ തനിക്ക് ഇഷ്ടപ്പെട്ടില്ലായിരുന്നെന്ന് നടി സുചിത്ര. വസ്ത്രങ്ങൾ ബുദ്ധിമുട്ടാണെന്ന് തുറന്ന് പറഞ്ഞതോടെ കഥാപാത്രത്തിന് യോജിക്കുന്ന ഏത് വേഷം ധരിച്ചാലും മതിയെന്നായിരുന്നു സംവിധായകൻ ലിജോ പറഞ്ഞതെന്നും താരം പറഞ്ഞു. മലൈക്കോട്ടൈ വാലിബനിൽ മോഹൻലാലിന്റെ കാമുകിയുടെ വേഷത്തിലാണ് സുചിത്ര അഭിനയിച്ചത്. സിനിമ റിലീസ് ആയതിന് ശേഷം ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു കോസ്റ്റ്യൂമിനെക്കുറിച്ച് പറഞ്ഞത്.
‘ആദ്യം കോസ്റ്റ്യൂം ഡിപ്പാർട്ട്മെന്റിന് എന്നോട് വിഷമം തോന്നിയിരുന്നു. കാരണം, ആദ്യം ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ എനിക്ക് തീരെ കംഫർട്ടബിൾ അല്ലായിരുന്നു. എനിക്ക് ആ വസ്ത്രം ബുദ്ധിമുട്ടാണെന്നും അവരോട് ഞാൻ പറഞ്ഞു. പിന്നീട് കുറെ മാറ്റങ്ങൾ വരുത്തിയാണ് ഇപ്പോൾ കാണുന്ന രൂപത്തിലേക്ക് മാറ്റിയത്.
കോസ്റ്റ്യും ബുദ്ധിമുട്ടാണെന്ന് ലിജോ സാറിനോട് പറഞ്ഞതോടെ അദ്ദേഹമാണ് എനിക്ക് കോസ്റ്റ്യൂം മാറ്റി തരാൻ പറഞ്ഞത്. സാറിന് റിസൾട്ട് മാത്രമാണ് വേണ്ടത്. ആരും ശരീരം കാണിക്കുന്നതിനായി വസ്ത്രം ധരിക്കേണ്ട, അതിന് വേണ്ടി ആർട്ടിസ്റ്റിനെ നിർബന്ധിക്കുകയും വേണ്ടെന്നാണ് കേസ്റ്റ്യൂം ഡിപ്പാർട്ട്മെന്റിനോട് അദ്ദേഹം പറഞ്ഞത്. ആർടിസ്റ്റിന് കംഫർട്ടബിൾ ആകുകയും ആ കഥാപാത്രത്തിന് യോജിക്കുകയും ചെയ്യുന്ന വേഷം മതി. അല്ലാതെ ശരീരം കാണിക്കാൻ വേണ്ടിയുള്ള വസ്ത്രങ്ങൾ വേണ്ട എന്നായിരുന്നു ലിജോ സാറ് പറഞ്ഞത്.
ലിജോ സാറിന് ആർട്ടിസ്റ്റിൽ നിന്നും നല്ല റിസൾട്ടാണ് വേണ്ടത്. അതിന് വേണ്ടി എത്ര ടേക്ക് വേണമെങ്കിലും അയാളെടുക്കും. ലിജോ ജോസ് പെല്ലിശ്ശേരിയെപ്പോലൊരു സംവിധായകൻ ഇത്രയും നല്ലൊരു ചിത്രവുമായി വരുമ്പോൾ അതിനെ കുറ്റം പറയാതെ കാണുകയാണ് വേണ്ടത്. മറ്റുള്ളവരുടെ അഭിപ്രായം കേട്ട് സിനിമ കാണാതെ പോയാൽ നഷ്ടം മലയാള സിനിമയ്‌ക്ക് മാത്രമാണ്.’- സുചിത്ര പറഞ്ഞു.















