തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയ സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഇൻസ്പെക്ടർ ടിഡി സുനിൽ കുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പ്രതി അർജുനെതിരായ കേസ് അന്വേഷണത്തിൽ വീഴ്ചകൾ സംഭവിച്ചെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സസ്പെൻഡ് ചെയ്തത്.
ഇൻസ്പെക്ടർക്കെതിരെ നടപടി വേണമെന്ന് പെൺകുട്ടിയുടെ ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കോടതി നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സുനിൽകുമാറിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്. സസ്പെൻഷന് പുറമെ ടിഡി സുനിൽകുമാറിനെതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്. നിലവിൽ എറണാകുളം വാഴക്കുളം എസ് എച്ച് ഒ ആണ് സുനിൽകുമാർ.
2021-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വണ്ടിപ്പെരിയാർ ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളിൽ ആറു വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് കണ്ടെത്തി. ഇതേത്തുടർന്നാണ് അയൽവാസിയായ അർജുനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പ്രതിയായ അർജുനെതിരെ ചുമത്തിയ കൊലപാതകം, ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന കണ്ടെത്തലിനെ തുടർന്ന് പ്രതിയെ വെറുതെ വിട്ടിരുന്നു. ഇതോടെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെതിരെയും പ്രതിഷേധം ഉയർന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി നടപടി എടുത്തത്.