ന്യൂഡൽഹി: കരിപ്പൂരിൽ നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരുടെ വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് നൽകാൻ ഇടപെട്ട കേന്ദ്ര ന്യൂനപക്ഷ, ഹജ്ജ് കാര്യ വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് മലയാളികളെ പ്രതിനിധീകരിച്ച് നന്ദി രേഖപ്പെടുത്തുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.
ടിക്കറ്റ് നിരക്കിൽ 40,000 രൂപ കുറയ്‌ക്കാനുള്ള തീരുമാനം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സദ്ഭരണകാലം ന്യൂനപക്ഷങ്ങളെ എങ്ങനെ ചേർത്തു പിടിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ്. ആയിരക്കണക്കിന് മലയാളി തീർത്ഥാടകരോട് മുഖം തിരിക്കുന്ന സമീപനം പുലർത്തിയ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും ഇനിയെങ്കിലും ന്യൂനപക്ഷങ്ങളുടെ രക്ഷകരെന്ന് വീമ്പ് പറയാതിരിക്കട്ടെയെന്നും മുരളീധരൻ പറഞ്ഞു.
കരിപ്പൂരില്‍ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് പോകുന്നവരുടെ വിമാന ടിക്കറ്റിൽ ഇളവ് വരുത്താനായിരുന്നു കേന്ദ്രമന്ത്രിയുടെ ഇടപെടലുണ്ടായത്. 1,75000 രൂപയായിരുന്നു കരിപ്പൂരിൽ നിന്ന് എയർലൈൻ ഈടാക്കിയത്. എന്നാൽ കണ്ണൂരിൽ നിന്നുള്ള മറ്റ് എയർലൈനുകളുടെ സർവ്വീസുകൾക്ക് 75,000 രൂപയായിരുന്നു ചാർജ്. ഈ സാഹചര്യത്തിലാണ് തീർത്ഥാടകരുടെ ആശങ്കകൾ പരിഹരിക്കാൻ സ്മൃതി ഇറാനി ഇടപെട്ടത്.















