എറണാകുളം: യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ അഡ്വ. ആളൂരിനെതിരായുള്ള യുവതിയുടെ മൊഴി പുറത്ത്. ബെംഗളൂരുവിൽ ബിസിനസ് നടത്തുന്ന എറണാകുളം സ്വദേശിയായ യുവതിയോടാണ് ആളൂർ അപമര്യാദയായി പെരുമാറിയത്. കേസിന്റെ ഭാഗമായി എറണാകുളം സെന്‍ട്രല്‍ പോലീസ് ആളൂരിന്റെ മൊഴിയെടുക്കും. ഇതിനിടെയാണ് യുവതിയുടെ മൊഴി പുറത്തുവന്നത്.
ഭൂമി കേസുമായി ബന്ധപ്പെട്ടാണ് നിയമസഹായത്തിനായി യുവതി ആളൂരിനെ സമീപിച്ചത്. എന്നാൽ കൊച്ചിയിലെ ഓഫീസിൽ വച്ച് ഇയാൾ കടന്നുപിടിച്ചു എന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. കേസിനെ കുറിച്ച് വിശദമായി സംസാരിക്കാനാണ് യുവതിയെ ആളൂർ വിളിച്ചുവരുത്തിയത്. തുടർന്ന് സംസാരത്തിനിടെ അനുവാദമില്ലാതെ യുവതിയുടെ ശരീരത്തിൽ കടന്നുപിടിച്ചു എന്നും മോശമായി രീതിയിൽ സംസാരിച്ചുവെന്നും യുവതി മൊഴി നൽകി.
ഫീസായി വലിയ തുകയാണ് ആളൂർ യുവതിയോട് ചോദിച്ചത്. ഇത്രയും തുക തന്റെ കയ്യിലില്ലെന്ന് പറഞ്ഞപ്പോൾ ഫീസ് വേണ്ടെന്നും സഹകരിച്ചാൽ മതിയെന്നും ആളൂർ പറഞ്ഞുവെന്നും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.















