പ്രധാനമന്ത്രിയുടെ നിർദ്ദേശം കണക്കിലെടുത്ത് വിദേശത്ത് വിവാഹം നടത്താനുള്ള പദ്ധതി ഉപേക്ഷിച്ച് നടി രാകുൽപ്രീത് സിംഗും നടനും നിർമാതാവുമായ ജാക്കി ഭഗ്നാനിയും. ആറ് മാസമായി ഇരുവരും വിവാഹ ചടങ്ങുകൾ വിദേശത്ത് നടത്താൻ വമ്പൻ പദ്ധതിയിട്ടിരുന്നു. എന്നാൽ സ്വാധീനവും സമ്പത്തുമുള്ളവരുടെ കുടുംബങ്ങൾ ജീവിതത്തിലെ വലിയ നിമിഷങ്ങൾ ആഘോഷമാക്കാൻ വിദേശരാജ്യങ്ങൾ തിരഞ്ഞെടുക്കരുതെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശമാണ് മാറ്റി ചിന്തിക്കാൻ കാരണമായതെന്ന് രാകുൽപ്രീത് പറയുന്നു.
ഇതോടെ ഗോവയിൽ വിവാഹ ചടങ്ങുകൾ നടത്തനാണ് ഇരുവരും പദ്ധതിയിടുന്നത്. ഫെബ്രുവരി 22-നാണ് ചടങ്ങുകൾ നടക്കുക. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങിൽ സംബന്ധിക്കുക. സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി മുംബൈയിൽ റിസപ്ഷൻ നടത്തും.
മാലദ്വീപും ഇന്ത്യയുമായുള്ള നയതന്ത്രബന്ധം ആടിയുലഞ്ഞ സാഹചര്യത്തിൽ ആഗോള ടൂറിസം തന്നെ പ്രതിസന്ധി നേരിടുകയാണ്. രാജ്യത്തെയും പ്രധാനമന്ത്രിയെയും അധിക്ഷേപിച്ച സംഭവത്തിന് പിന്നാലെ ഭൂരിഭാഗം പേരും മാലദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോടികൾ മുടക്കി സംഘടിപ്പിക്കുന്ന വിവാഹ ചടങ്ങുകളും ഇന്ത്യയിൽ തന്നെ നടത്താൻ പദ്ധതിയിടുന്നത്.















