സ്വപ്ന ഭവനത്തിൽ നിന്നും താമസം മാറ്റി പ്രിയങ്ക ചോപ്രയും നിക് ജൊനാസും. വമ്പൻ തുക നൽകി വാങ്ങിയ വീട് ഇപ്പോൾ താമസ യോഗ്യമല്ലാത്തതിനാലാണ് വീട് മാറാൻ തീരുമാനിച്ചത്. മഴയായതോട് കൂടി പൂപ്പൽ നിറയുകയും ചെയ്തതോടെയാണ് പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജൊനാസും വീട് മാറാനുള്ള തീരുമാനത്തിലെത്തുന്നത്. ഇതിനെ തുടർന്ന്, ഇരുവരും വീടിന്റെ വിൽപ്പനക്കാരനുമായി നിയമന പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.
തങ്ങൾക്ക് നഷ്ടമായ തുക തിരികെ നൽകണമെന്നാണ് ഇരുവരുടെയും ആവശ്യം. വീടിന്റെ അറ്റകുറ്റ പണികൾക്കായി 1.5 മില്യൺ ഡോളറിലധികം വേണ്ടി വരുമെന്നാണ് സൂചനകൾ. മഴ പെയ്യുന്നതോടെ പെട്ടെന്ന് പൂപ്പലും ചോർന്നൊലിപ്പും ഉണ്ടാകുന്ന വീട്ടിൽ താമസിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ഇരുവരും പരാതിയിൽ പറയുന്നത്.
2019-ൽ ഏകദേശം 20 മില്യൺ ഡോളർ നൽകിയാണ് പ്രിയങ്കയും നിക്കും ലോസാഞ്ചലസിൽ വീട് വാങ്ങിയത്. ഏഴ് കിടപ്പുമുറികള്‍, ഒമ്പത് കുളിമുറികള്‍, താപനില നിയന്ത്രിക്കാവുന്ന വൈന്‍ സ്റ്റോറേജ്, അത്യാധുനിക അടുക്കള, ഹോം തിയേറ്റര്‍, സ്പാ, സ്റ്റീം ഷവര്‍, ജിം, ബില്യാര്‍ഡ്‌സ് റൂം എന്നിവയുള്ള ഒരു അത്യാഡംബര വീടാണിത്.
2020-മുതലാണ് വീടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇരുവരും വിൽപ്പനക്കാരനോട് ഉന്നയിക്കാൻ തുടങ്ങിയത്. തുടർന്നാണ് നിയമ പോരാട്ടത്തിനും ഇരുവരും തയ്യാറായത്. വീടിന്റെ അറ്റകുറ്റപ്പണികള്‍ തീരുന്നത് വരെ പ്രിയങ്കയും നിക്കും മകള്‍ മാള്‍ട്ടി മേരിയും മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്.
ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തിരക്കില്‍ ആണെങ്കിലും പ്രിയങ്ക ചോപ്ര ഇടയ്‌ക്കിടെ ലൊസാഞ്ചലസിലെ വീട്ടിലേക്ക് പോകാറുണ്ടായിരുന്നു.