ഏറ്റെടുത്ത സിനിമകൾ പൂർത്തിയാക്കിയ ശേഷം അഭിനയം നിർത്തുമെന്ന് നടൻ വിജയ്. രാഷ്‌ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ച കുറിപ്പിലാണ് നടൻ നിലപാട് വ്യക്തമാക്കിയത്. കരാറൊപ്പിട്ട സിനിമകൾ രാഷ്‌ട്രീയ പ്രവർത്തനത്തെ ബാധിക്കാതെ പൂർത്തിയാക്കും. ശേഷം ജനസേവനത്തിനായി പൂർണസമയവും രാഷ്‌ട്രീയ പ്രവർത്തകനാകും.
ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലെത്തി വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസ് ആനന്ദ് പാർട്ടിയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. തമിഴക വെട്രി കഴകം എന്നാണ് പാർട്ടിയുടെ പേര്. അഴിമതി പൂർണമായി ഇല്ലാതാക്കി തമിഴ് നാട്ടിൽ വലിയാെരു മാറ്റത്തിനാണ് താൻ ശ്രമിക്കുന്നതെന്നാണ് നടൻ വ്യക്തമാക്കിയത്.
വിജയയ്‍യുടെ ഫാൻസ് അസോസിയേഷന്‍ ആയ ദളപതി വിജയ് മക്കൾ ഇയക്കം (ടി.വി.എം.ഐ) പ്രത്യേക പതാകയോ ചിഹ്നമോ ഇല്ലാതെ അവസാന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടന്റെ രാഷ്‌ട്രീയ പ്രവേശനം സംബന്ധിച്ച ചർച്ചകൾ വലിയ തരത്തിൽ ചൂടുപിടിക്കാൻ തുടങ്ങിയത്.