ന്യൂഡൽഹി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറനെ ഇഡി കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് ഇഡി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. നേരത്തെ റാഞ്ചിയിലെ പ്രത്യേക പിഎംഎൽഎ കോടതി സോറനെ ഒരു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. സോറനെതിരായുള്ള നിരവധി തെളിവുകളും വിവരങ്ങളും ഇഡി കോടതിയെ അറിയിച്ചു.
ഇഡിയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് സോറൻ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച സുപ്രീംകോടതി, ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എംഎം സുന്ദ്രേഷ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിരവധി തവണ സമൻസ് അയച്ചതിന് ശേഷം ബുധനാഴ്ച രാത്രിയാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തതത്. മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഖനന അഴിമതിയിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കുകയും ചെയ്തു.















