ചെന്നൈ: ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് നാം തമിഴർ കക്ഷി (എൻടികെ) നേതാക്കൾക്കളുടെ വസതികളിൽ എൻഐഎ റെയ്ഡ്. ട്രിച്ചി, കോയമ്പത്തൂർ, ശിവഗംഗ, തെങ്കാശി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തുന്നത്. നിരോധിത സംഘടനയായ എൽടിടിഇയിൽ നിന്ന് ഫണ്ട് സ്വീകരിച്ചാണ് എൻടികെ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
എൽടിടിഇയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചെന്നും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി വിദേശഫണ്ട് സ്വീകരിച്ചെന്നുമാണ് നാം തമിഴർ കക്ഷിക്കെതിരായ ആരോപണം. എൻടികെ പ്രവർത്തകനും യൂട്യൂബറുമായ സാത്തായി ദുരൈമുരുഗന്റെ ഓഫീസിലും എൻഐഎ സംഘം പരിശോധന നടത്തി.
ഇന്ത്യ-ശ്രീലങ്ക മയക്കുമരുന്ന് കടത്ത് ആയുധ വ്യാപാര കേസിൽ കഴിഞ്ഞ ജൂണിൽ 13 പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിൽ മൂന്ന് ഇന്ത്യക്കാരും 10 ശ്രീലങ്കൻ പൗരന്മാരുമാണ് പ്രതികൾ. എൽടിടിഇ നടത്തിയ ആസൂത്രണത്തിന്റെ ഭാഗമായാണ് ആയുധവ്യാപാരമുൾപ്പെടെ നടന്നതെന്നാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാണിച്ചിരുന്നത്.















