വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ സെഞ്ച്വറിയുടെ കരുത്തിൽ 93 ഓവറിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 336 റൺസെടുത്തു. ആദ്യ ദിനം കളിയവസാനിപ്പിക്കുമ്പോൾ യശസ്വി ജയ്‌സ്വാളും (179) രവിചന്ദ്ര അശ്വിനുമാണ് ക്രീസിൽ. ഇംഗ്ലണ്ട് ബൗളർമാരെ തെല്ലും ഭയമില്ലാതെയാണ് യശസ്വി ജയ്‌സ്വാൾ നേരിട്ടത്. 17 ഫോറും 5 സ്ിക്‌സുമടക്കം ഏകദിന ശൈലിയിലാണ് ജയ്‌സ്വാൾ ബാറ്റുവീശിയത്.
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്‌കോർ ബോർഡിൽ 40 റൺസ് ആകുമ്പോഴേക്കും ഇന്ത്യക്ക് നായകൻ രോഹിത് ശർമ്മയുടെ(14) വിക്കറ്റ് നഷ്ടമായിരുന്നു. ഷൊയ്ബ് ബഷീറാണ് താരത്തെ വിക്കറ്റിന് മുന്നിൽ കുടുക്കിയത്. പിന്നീട് ക്രീസിലെത്തിയ ഗിൽ മികച്ചപ്രകടനം കാഴ്ചവച്ചെങ്കിലും 34 റൺസുമായി കൂടാരം കയറി. ശ്രേയസ് അയ്യർ(27), രജത് പട്ടീദാർ (32), അക്‌സർ പട്ടേൽ(27), എസ്. ഭരത്(17) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ.
ഇംഗ്ലണ്ടിനായി ഷൊയ്ബ് ബഷീർ, റിഹാൻ അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ജെയിംസ് ആൻഡേഴ്‌സൺ, ടോം ഹാർട്‌ലി, ജോ റൂട്ട് എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.















