ന്യൂഡൽഹി: 3-ാം എൻഡിഎ സർക്കാരിന്റെ കാലത്ത് ഭാരതം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാകുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരത് മണ്ഡപത്തിൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
എൻഡിഎ സർക്കാരിന്റെ മൂന്നാം ഭരണകാലത്ത് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് ഉറപ്പാണ്. ജനക്ഷേമ പദ്ധതികളിലൂടെ കഴിഞ്ഞ പത്ത് വർഷത്തിനിടെ 25 കോടിയോളം ആളുകളാണ് ദാരിദ്രത്തിൽ നിന്ന് കരകയറിയത്. 2047-ൽ വികസിത രാജ്യമാകണമെന്ന ലക്ഷ്യത്തിലൂടെയാണ് ഇപ്പോൾ രാജ്യം നീങ്ങുന്നത്. മൊബിലിറ്റി മേഖലയിലൂടെയാണ് രാജ്യം ഈ ലക്ഷ്യം കൈവരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഇതാണ് അനുയോജ്യമായ സമയം. ഇന്ത്യ ചന്ദ്രനിലെത്തി. ഇത് മൊബിലിറ്റി മേഖലയുടെ സുവർണ്ണ കാലഘട്ടത്തിന്റെ തുടക്കമാണ്. രാജ്യത്തെ സമ്പദ് വ്യവസ്ഥ അതിവേഗം വളരുകയാണ്. മൊബിലിറ്റി മേഖലയിൽ അഭൂതപൂർവമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്.
2014ന് മുമ്പ് 12 കോടി വാഹനങ്ങൾ മാത്രമാണ് വിറ്റഴിച്ചിരുന്നത്. എന്നാൽ ബിജെപി അധിരകാരത്തിലെത്തിയതിന് ശേഷം 21 കോടിയിലധികം വാഹനങ്ങൾ വിറ്റഴിച്ചു. പത്ത് വർഷം മുമ്പ് പ്രതിവർഷം വെറും 2,000 ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റഴിക്കപ്പെട്ടത്. ഇന്ന് 12 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ വാർഷികാടിസ്ഥാനത്തിൽ വിറ്റഴിക്കപ്പെടുന്നു. ഇരുചക്രവാഹനങ്ങളുടെ വിൽപ്പനയിൽ 70 ശതമാനം വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. വാഹനവിപണയിൽ വലിയ വളർച്ചയാണ് രാജ്യത്തുണ്ടായത്. – പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.















