ബെംഗളുരു: കോൺഗ്രസ് എംപിയും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സഹോദരനുമായ ഡി.കെ. സുരേഷിന്റെ വിവാദ പരാമർശത്തിൽ വ്യാപക പ്രതിഷേധം. ഉത്തരേന്ത്യയിൽ നിന്ന് ദക്ഷിണേന്ത്യയെ വേർപെടുത്തണമെന്നും പ്രത്യേക രാജ്യമാക്കണമെന്നുമായിരുന്നു ഡി.കെ. സുരേഷിന്റെ പരാമർശം. ഇതിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ബിജെപി.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ബിജെപി നേതാക്കൾ ഡികെ സുരേഷിനെതിരെ രംഗത്തുവന്നു. ഡൽഹി സംസ്ഥാന അദ്ധ്യക്ഷൻ വീരേന്ദ്ര സച്‌ദേവ, ഝാർഖണ്ഡ് സംസ്ഥാന അദ്ധ്യക്ഷൻ ബാബുലാൽ മറാണ്ടി, പഞ്ചാബ് സംസ്ഥാന അദ്ധ്യക്ഷൻ അനിൽ സരിൻ, ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിമാരായ ബ്രജേഷ് പതക്, കേശവ് പ്രസാദ് മൗര്യ തുടങ്ങിയവർ വിഷയത്തിൽ പ്രതികരിച്ചു. ഡികെ സുരേഷിന്റെ പരാമർശം ഭാരതത്തെ വിഭജിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
മുൻകേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ രവിശങ്കർ പ്രസാദ് കോൺഗ്രസ് ദേശീയ നേതൃത്വത്തെ വിമർശിച്ച് രംഗത്തുവന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, സോണി, രാഹുൽ എന്നിവരുടേത് അപകടകരമായ നിശബ്ദതയാണെന്നും ഇൻഡി നേതാക്കളും വിഷയത്തിൽ മൗനം പാലിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഡി.കെ. സുരേഷിന്റെ പരാമർശം ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടകയിൽ നിന്നുള്ള ബിജെപി നേതാവ് പി. വികാസാണ് ഡി.കെ. സുരേഷിനെതിരെ മംഗലാപുരം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്.















