മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വീണാ വിജയൻ ഉണ്ടാക്കിയത് ഒരു കള്ള കമ്പനിയാണെന്നും കള്ളപ്പണം വെളിപ്പിക്കാനുള്ള കമ്പനിയാണിതെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി കള്ള കമ്പനികളിലും ഇടപാടുകളിലും വീണ വിജയന് പങ്കുണ്ട്. ഇത് പാർട്ടിക്കകത്ത് തന്നെ എല്ലാവർക്കുമറിയാം. ഇതൊക്കെ പുറത്താകുമെന്ന ഭയമാണ് സിപിഎമ്മിന്. മാസപ്പടി കേസ് തെളിഞ്ഞാൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ഉന്നത നേതാക്കൾ കുടുങ്ങുമെന്ന കാര്യത്തിൽ സംശയമില്ല. കരുവന്നൂർ സഹകരണ ബാങ്കിന്റെ അന്വേഷണം ഇഡി നടത്തിയപ്പോൾ 32 അക്കൗണ്ടുകളാണ് സിപിഎം നേതാക്കളുടെ പേരിൽ തൃശൂർ ജില്ലയിൽ മാത്രമുണ്ടായിരുന്നത്. അഴിമതിയുടെ ഒരു പങ്ക് സിപിഎമ്മിനും ലഭിച്ചു.
കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്തി അന്വേഷണം അട്ടിമറിക്കാൻ നോക്കിയാൽ അതിന് ഗുരുതരമായ പ്രത്യാഘാതമുണ്ടാവും. കേരളത്തെ കേന്ദ്രം അവഗണിക്കുന്നു എന്നത് സിപിഎം നടത്തുന്ന കള്ള പ്രചാരണമാണ്. മാസപ്പടി വിഷയം നിയമസഭയിൽ വരാൻ പാടില്ലെന്ന് ആഗ്രഹിച്ച ആളാണ് വിഡി സതിശൻ. മാസപ്പടി കേസ് തേച്ചുമാച്ചു കളയാനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചത്. ഒരു കോടി 72 ലക്ഷം രൂപയുടെ അഴിമതിക്കേസ അല്ലയിത് 96 കോടിയുടെ അഴിമതിയാണിവിടെ നടന്നത്.
യാതൊരു ലജ്ജയുമില്ലാതെ കുത്തക മുതലാളിമാരിൽ നിന്നും മാസപ്പടി വാങ്ങുന്ന ലജ്ജയില്ലാത്ത വർഗമായി മാറിയിരിക്കുകയാണ് സിപിഎമ്മും കോൺഗ്രസും. എൽഡിഎഫിന്റെ അഴിമതിയെ കുറിച്ച് ശബ്ദിക്കാനുള്ള ഒരു അവകാശവും കോൺഗ്രസിനില്ല. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന അഴിമതി പണത്തിൽ നിന്നാണ് ഗോവിന്ദൻ മാഷും സീതാറാം യെച്ചുരിയും പ്രവർത്തിക്കുന്നത്. എൽഡിഎഫും യുഡിഎഫും ഒരു പരസ്പര ധാരണയിലാണ് മുന്നോട്ട് പോകുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു.















