എറണാകുളം: കൊറോണ മഹാമാരി കാലത്തെ യാത്രാ വിലക്ക് മൂലം ടൂർ മുടങ്ങിയ സംഭവത്തിൽ ടൂർ ഓപ്പറേറ്റർ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് കോടതിയുടെ നിർദ്ദേശം. എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയാണ് ടൂർ പോകാനായി ഉപഭോക്താവ് നൽകിയ അഡ്വാൻസ് തുകയും നഷ്ടപരിഹാരവും നൽകാൻ ഉത്തരവിട്ടത്. പെരുമ്പാവൂർ സ്വദേശിയായ ജേക്കബ് നൽകിയ പരാതി പരിഗണിച്ചു കൊണ്ടാണ് നഷ്ടപരിഹാരം നൽകാൻ കോടതി ആവശ്യപ്പെട്ടത്.
2020 ഫെബ്രുവരി 5നാണ് ജേക്കബും ഭാര്യയും, സോമാസ് ലിഷർ ടൂർസ് ഇന്ത്യ എന്ന സ്ഥാപനം മുഖേന റഷ്യയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്. ഇതിനായി 50,000 രൂപയും ഇവർ ഏജൻസിക്ക് നൽകി. ഇതിനു പിന്നാലെയാണ് കൊറോണ മൂലം രാജ്യാന്തര സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഇതോടെ യാത്ര മുടങ്ങുകയായിരുന്നു. തുടർന്ന് അഡ്വാൻസ് തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഇവർ ഏജൻസിയെ സമീപിച്ചെങ്കിലും പണം തിരികെ നൽകിയില്ല. ഈ വർഷം നടത്തുന്ന മറ്റൊരു യാത്രയിൽ ഇവർക്ക് പങ്കെടുക്കാമെന്നായിരുന്നു ഏജൻസി ജീവനക്കാരുടെ മറുപടി. ഇതോടെ ദമ്പതികൾ കോടതിയെ സമീപിക്കുകയായിരുന്നു. ടൂർ ഓപ്പറേറ്റർമാരുടെ സേവനത്തിലെ ന്യൂനത ചൂണ്ടിക്കാട്ടിയ കോടതി ഉപഭോക്താക്കൾക്ക് 50,000 രൂപയും നഷ്ടപരിഹാരമായി 15,000 രൂപയും 30 ദിവസത്തിനകം നൽകാൻ നിർദ്ദേശിക്കുകയായിരുന്നു.















