ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ബിജെപിയെ ഭയമാണെന്ന് കോൺഗ്രസ് ലോക്‌സഭ കക്ഷിനേതാവും ബംഗാൾ പിസിസി അദ്ധ്യക്ഷനുമായ അധീർ രഞ്ജൻ ചൗധരി. ബിജെപിയെ ഭയപ്പെടുന്നതിനാലാണ് മമത അടിക്കടി നിലപാട് മാറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ നശിപ്പിക്കുക എന്ന ബിജെപി നിലപാടിനൊപ്പമാണ് മമത നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെ രാജ്യത്ത് നിന്നും പുറത്താക്കണമെന്നതാണ് ബിജെപി അജണ്ട. കോൺഗ്രസിന് 40 സീറ്റുപോലും ലഭിക്കില്ലെന്നാണ് മമത അവകാശപ്പെടുന്നത്. ശരിക്കും ബിജെപിക്കും മമതയ്‌ക്കും ഒരേ സ്വരമാണ്. അധീർ രഞ്ജൻ പറഞ്ഞു.
കഴിഞ്ഞദിവസം കോൺഗ്രസിനെ വെല്ലുവിളിച്ച് മമത ബാനർജി രംഗത്തുവന്നിരുന്നു. ഉത്തർപ്രദേശിലും പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിലും ബിജെപിയെ പരാജയപ്പെടുത്തി കാണിക്കാൻ മമത കോൺഗ്രസിനെ വെല്ലുവിളിച്ചു. ഇൻഡി മുന്നണിയിൽ നിന്നും 200 സീറ്റുകൾ കോൺഗ്രസിന് നൽകുകയാണെങ്കിൽ അതിൽ 40 എണ്ണത്തിൽപോലും വിജയിക്കാൻ അവർക്ക് സാധിക്കില്ലെന്നും മമത പറഞ്ഞു. ഇതിനെതിരെയാണ് ഇപ്പോൾ കോൺഗ്രസ് രംഗത്തുവന്നിരിക്കുന്നത്.
സംസ്ഥാനത്ത് കോൺഗ്രസുമായി സീറ്റ് വിഭജനത്തിനില്ലെന്ന് മമത പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പരസ്യതർക്കത്തിലേക്ക് ഇരുപാർട്ടികളും കടന്നത്. മുൻപും സംസ്ഥാന തലത്തിൽ തർക്കങ്ങൾ നിലനിന്നിരുന്നുവെങ്കിലും ശേഷം ഇത് ദേശീയ തലത്തിലും പ്രകടമാകുകായിരുന്നു.















