ന്യൂഡൽഹി: ഇന്ത്യൻ ടീമിൽ നിന്ന് വിരാട് കോലി അവധിയെടുക്കുന്നതിന്റെ കാരണമായിരുന്നു ആരാധകർക്ക് അറിയേണ്ടത്. അടുത്തിടെ നടന്ന പല മത്സരങ്ങളിലും താരം ടീമിന്റെ ഭാഗമല്ലായിരുന്നു. ടീം സ്‌ക്വാഡിൽ ഉണ്ടായിരുന്നിട്ടും വ്യക്തിപരമായ കാരണങ്ങളാൽ താരം മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതായി ബിസിസിഐയാണ് ആരാധകരെ അറിയിച്ചത്. താരത്തിന്റെ സ്വകാര്യത മാനിക്കണമെന്നും ബിസിസിഐ പറഞ്ഞിരുന്നു. എന്നാൽ കോലിയുടെ അമ്മയുടെ ആരോഗ്യം മോശമാണെന്നും അതാണ് താരം മത്സരങ്ങളിൽ നിന്ന് ഇടവേളയെടുക്കാൻ കാരണമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇത് നിഷേധിച്ച് സഹോദരൻ വികാസ് കോലി രംഗത്തെത്തിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലും കോലിയുടെ സാന്നിധ്യമില്ല. മൂന്നാം ടെസ്റ്റ് മുതൽ ടീമിൽ ഉണ്ടാകുമോയെന്ന കാര്യത്തിലും വ്യക്തതയില്ല. എന്നാൽ താരം ടീം വിട്ടുനിൽക്കുന്നതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ മുൻ താരവും ഐപിഎല്ലിൽ ആർസിബിയിലെ കോലിയുടെ സഹതാരവുമായ എ.ബി ഡിവില്ലിയേഴ്സ്.
കോലി-അനുഷ്‌ക ദമ്പതിമാർ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണെന്നും അതിനാലാണ് താരം ടീമിൽനിന്ന് വിട്ടുനിൽക്കുന്നതെന്നും എ.ബി.ഡി വ്യക്തമാക്കി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കോലിയുമായുള്ള ചാറ്റ് മുൻനിർത്തിയുള്ള എ.ബി.ഡിയുടെ വെളിപ്പെടുത്തൽ. കോലി സുഖമായിരിക്കുന്നുവെന്നും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുകയാണെന്നും എ.ബി.ഡി ആരാധരകരെ അറിയിച്ചു.















