ശ്രീകാന്ത് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് സണ്ണി വെയ്ൻ. ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രത്തിൽ സഹനടനായാണ് സണ്ണി വെയ്ൻ എത്തിയത്. സുജിത്ത് ഉണ്ണികൃഷ്ണൻ വയനാട് എന്ന പേരിനെ ചുരുക്കി സണ്ണി വെയ്‌നായി വെള്ളിത്തിരയിൽ എത്തിയ താരം മലയാളികൾക്ക് ഏറെ സുപരിചിതനാണ്. നായകനായും പ്രതിനായകനായും ഡബ്ബിംഗ് ആർട്ടിസ്റ്റായുമെല്ലാം ഇതിനോടകം തന്നെ താരം കഴിവ് തെളിയിച്ച് കഴിഞ്ഞു.
View this post on Instagram
നിഖില വിമലിനൊപ്പം അഭിനയിച്ച പേരില്ലൂർ പ്രീമിയർ ലീഗിലാണ് സണ്ണി വെയ്ൻ അവസാനമായി അഭിനയിച്ചത്. ഇപ്പോഴിതാ താൻ സിനിമയിൽ 12 വർഷം പൂർത്തിയാക്കി എന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമൂലൂടെയാണ് താരം ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. ‘ സിനിമാ മേഖലയിൽ 12 വർഷം ! ഇനിയും ഒരുപാട് വർഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു. ഈ അത്ഭുതകരമായ യാത്രയിൽ കഥ പറച്ചിലിനും, സന്തോഷത്തിലും സങ്കടത്തിലുമെല്ലാം എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവർക്കും നന്ദി’. സണ്ണി വെയ്ൻ കുറിച്ചു.
താൻ സിനിമയിൽ 12 വർഷം പൂർത്തിയാക്കിയെന്ന സന്തോഷ വാർത്ത നേരത്തെ നടൻ ദുൽഖർ സൽമാനും പങ്കുവച്ചിരുന്നു. സെക്കന്റ് ഷോയിലൂടെ എത്തിയ ഇരുവരും പിന്നീട് നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചു. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ആൻമരിയ കലിപ്പിലാണ്, കുറുപ്പ് എന്നിവയാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച മറ്റുചിത്രങ്ങൾ.