ഇടുക്കി: സീറ്റിൽ നിന്ന് വിദ്യാർത്ഥികളെ നിർബന്ധപൂർവ്വം എഴുന്നേൽപ്പിച്ച കണ്ടക്ടർക്ക് പോലീസിന്റെ വക താക്കീത്. ഇടുക്കി തൊടുപുഴ-മൂലമറ്റം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടർക്കെതിരെയാണ് പോലീസ് നടപടി.
കഴിഞ്ഞ ദിവസമാണ് സംഭവം. തൊടുപുഴയിൽ നിന്ന് പുറപ്പെട്ട ബസിലിരുന്ന് യാത്ര ചെയ്ത വിദ്യാർത്ഥിനികളെ കണ്ടക്ടർ എഴുന്നേൽപ്പിച്ച് വിടുകയായിരുന്നു. സ്വകാര്.യ ബസിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളോട് മശമായി പെരുമാറരുതെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് നിലനിൽക്കെയാണ് കണ്ടക്ടറുടെ നടപടി. തുടർന്ന് മുട്ടം സ്വദേശി സുനിൽകുമാറാണ് പോലീസിൽ പരാതി സമർപ്പിച്ചത്.
പിന്നാലെ മുട്ടം പോലീസ് തുഷാരം ബസിന്റെ കണ്ടക്ടറെ സ്റ്റേഷനിൽ വിളിച്ചുവരുത്തി നിയമവശങ്ങൾ വിശദീകരിച്ചു. സമാന സംഭവങ്ങൾ ആവർത്തിച്ചാൽ ബസിന്റെ പെർമിറ്റ് ഉൾപ്പെടെ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിനോട് ശുപാർശ ചെയ്യുമെന്നും പോലീസ് അറിയിച്ചു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് കണ്ടക്ടർ എഴുതി നൽകിയതിനെ തുടർന്ന് പരാതി തീർപ്പാക്കി.















