തിരുവനന്തപുരം: സാധരണക്കാർ ഏറെ ആശ്രയിക്കുന്ന ജയിലിലെ ഭക്ഷണ വിഭവങ്ങൾ വില വർദ്ധിപ്പിച്ചു. ഓരോ വിഭവങ്ങൾക്കും 5 മുതൽ 10 രൂപ വരെയാണ് വർദ്ധന. ഊണും ചിക്കനും ഉള്‍പ്പെടെ 21 വിഭവങ്ങളുടെ വിലയാണ് കൂടുന്നത്. വർദ്ധനയ്‌ക്കുള്ള ജയിൽ വകുപ്പിന്റെ ശുപാർശയ്‌ക്ക് സർക്കാർ അനുമതി നൽകിയതിനാൽ പുതുക്കിയ വില ഉടനെ പ്രാബല്യത്തിൽ വരും. ജനപ്രിയ വിഭവങ്ങളിൽ 16 എണ്ണത്തിന് അഞ്ച് രൂപ നിരക്കിലാണ് വർദ്ധന. ഊണിനും ചിക്കൻ ഫ്രൈക്കും 10 രൂപ വീതവും. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനയും സർക്കാർ ഇടപെടൽ ഇല്ലാത്തതുമാണ് നിരക്കുകളിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിനെ നിർബന്ധിതരാക്കിയത്.
40 രൂപയുള്ള ഊണിന് 50 ആയും ചിക്കൻ ഫ്രൈ വില 35ൽ നിന്ന് 45 ആയും വര്‍ദ്ധിക്കും. അതേസമയം, ജയിൽ ചപ്പാത്തിയുടെ വിലയില്‍ മാറ്റമുണ്ടാകില്ല.750 ഗ്രാമുള്ള 170 രൂപയുടെ പ്ലം കേക്കിന് 200 രൂപയാണ് പുതുക്കിയ വില. 350 ഗ്രാമിന്റേതിന് 85 ൽ നിന്ന് 100 രൂപയാക്കിയിട്ടുണ്ട്.
ഫ്രീഡം ഫുഡ് എന്ന പേരിലാണ് സംസ്ഥാനത്തുടനീളം ജയിലുകള്‍ കേന്ദ്രീകരിച്ചുള്ള ഔട്ട് ലെറ്റുകളിലൂടെയും വാഹനങ്ങളിലും ഭക്ഷണം വിൽക്കുന്നത്. ജയിലിലെ തടവുകാരുണ്ടാക്കിയ ഭക്ഷണ വിഭവങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. താരതമ്യേന വിലക്കുറവാണ് സാധാരണക്കാരെ ജയിൽ വിഭവങ്ങളിലേക്ക് അടുപ്പിച്ചത്. എന്നാൽ വില വർദ്ധന സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ്.