ഗുവാഹത്തി: അസമിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ നടന്നു. വൻ ജനാരവത്തോടെ പ്രധാനസേവകനെ ജനങ്ങൾ ഗുവാഹത്തി നഗരത്തിലേക്ക് സ്വാഗതം ചെയ്തു. കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേരാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നഗരവീഥിയിൽ തടിച്ചുകൂടിയത്. പതിനായിരക്കണക്കിന് ബിജെപി പ്രവർത്തകർ ചേർന്ന് പ്രധാനമന്ത്രിയെ ആനയിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു.
11,000 കോടിയുടെ വികസന പദ്ധതികൾ ഉദ്‌ഘാടനം ചെയ്യുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി അസമിലെത്തിയത്. ഗുവാഹത്തിയിൽ നടക്കുന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.
ഗുവാഹത്തിയിലെ ഖാനപ്പാറ വെറ്ററിനറി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുയോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 498 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന കാമാഖ്യ ക്ഷേത്ര ഇടനാഴി, 358 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ഗുവാഹത്തി വിമാത്താവളത്തിൽ നിന്ന് ആറുവരിപ്പാത എന്നിവയ്‌ക്കും അദ്ദേഹം തറക്കല്ലിടും.