ടെൽഅവീവ്: ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ശ്രമത്തിനാണ് ഇസ്രായേൽ എന്നും പ്രാധാന്യം നൽകുന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ ബന്ദികളെ സ്വതന്ത്രരാക്കാനെന്ന പേരിൽ തങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്ന എല്ലാ നിബന്ധനകളും അംഗീകരിക്കാനാകില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ദേശീയ താത്പര്യങ്ങൾ സംരക്ഷിച്ചു കൊണ്ടു തന്നെ മുന്നോട്ടു പോകുമെന്നും നെതന്യാഹു വ്യക്തമാക്കി.
ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മധ്യസ്ഥ രാജ്യങ്ങളുടെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇസ്രായേലിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയാകാതെ ബന്ദികളുടെ മോചനത്തിന് വഴിയൊരുക്കുന്ന കരാറിന് അനുമതി നൽകുമെന്നും ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.
അതേസമയം നാല് ഇസ്രായേലി കുടിയേറ്റക്കാർക്ക് യുഎസ് വിദേശകാര്യ വകുപ്പ് ഉപരോധമേർപ്പെടുത്തിയ നടപടിയേയും നെതന്യാഹു വിമർശിച്ചു. ഹമാസിന് മാനുഷിക സഹായങ്ങൾ എത്തിക്കാനുള്ള നടപടികൾ അംഗീകരിക്കാനാകില്ലെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി. ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, എന്നാൽ ട്രംപ് ആയിരുന്നു അധികാരത്തിൽ ഇരുന്നിരുന്നതെങ്കിൽ സ്ഥിതിഗതികൾ വ്യത്യസ്തമാകുമായിരുന്നുവെന്നും നെതന്യാഹു പറഞ്ഞു.