മലപ്പുറം: നേർച്ച കൊടിയേറ്റവുമായി എത്തിയ ആന കനാലിൽ നിന്നും കയറാതെ പാപ്പാനെ വെട്ടിലാക്കിയത് മണിക്കൂറുകളോളം. മലപ്പുറം വെളിയംകോട് രാവിലെ പത്ത് മണിയോടെയാണ് രസകരമായ സംഭവമുണ്ടായത്. വെളിയംകോട് നേർച്ചയ്‌ക്ക് കൊണ്ടുവന്ന ആനയാണ് കരകയറാതെ പാപ്പനെ വട്ടം കറക്കിയത്. മാറഞ്ചേരി മാരാമറ്റത്ത് പൂക്കൈതക്കടവിന് സമീപത്താണ് കനാൽ കടക്കുന്നതിനിടെ മോഹനൻ എന്ന ആന കനാലിൽ നിലയുറപ്പിച്ചത്.
ഇന്നും നാളെയുമായി നടക്കുന്ന പ്രശസ്തമായി വെളിയംകോട് ചന്ദനക്കുടം കൊടിയേറ്റത്തിനാണ് ആനയെ എത്തിച്ചത്. എന്നാൽ കൊടിയേറ്റവുമായ എത്തിയ ആനയ വെള്ളം കണ്ട ഉടനെ കനാലിലേക്ക് ഇറങ്ങുകയായിരുന്നു. പിന്നെ മണിക്കൂറുകളോളം നീണ്ട നീരാട്ട്. ഏറെ നേരം കഴിഞ്ഞിട്ടും ആന കര കയറാതായതോടെ പാപ്പാൻ വെട്ടിലായി. ഒരുപാട് ശ്രമിച്ചിട്ടും കര കയറാൻ ആന കൂട്ടാക്കിയില്ല. രസകരമായ കാഴ്ച കാണാനായി നിരവധി പേരാണ് കനാലിനും ചുറ്റും തടിച്ചുകൂടിയത്. ഒരു മണിക്കൂറിലധികം പാപ്പാനെയും നാട്ടുകാരെയും വട്ടം കറക്കിയ ശേഷമാണ് ആന കരയ്‌ക്ക് കയറിയത്.















