കണ്ണൂർ: ചെറുപുഴയിൽ രാത്രി യുവാവിന് നേരെ ആസിഡ് ആക്രമണം. പെരുന്തടം സ്വദേശി രാജേഷിന് നേരെയാണ് ഇന്നലെ രാത്രി പത്ത് മണിയോടെ ആസിഡ് ആക്രമണം നടന്നത്. ആക്രമണത്തിൽ യുവാവിന്റെ ശരീരത്തിനും മുഖത്തിനും സാരമായി പൊള്ളലേറ്റിട്ടുണ്ട്. യുവാവ് വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോഴായിരുന്നു ആക്രമണം.
രാജേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആസിഡ് ഒഴിച്ചതിന് പിന്നാലെ പ്രതി ഓടിരക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. ആരാണ് ആസിഡ് ആക്രമണത്തിന് പിന്നിലെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
രാത്രിയായിരുന്നതിനാൽ അജ്ഞാതൻ ആരെന്ന് തിരിച്ചറിയാനായില്ലെന്ന് കുടുംബം പറയുന്നു. ആക്രമണത്തിന് പിന്നിലെ കാരണവും വ്യക്തമല്ല. ആസിഡ് വീണ് യുവാവിന്റെ വയറിന്റെ ഭാഗത്തും മുഖത്തും കയ്യിലുമുൾപ്പെടെ പൊള്ളലേറ്റിട്ടുണ്ട്.















