വിശാഖപട്ടണം: ഇന്ത്യൻ ടീമിലേക്കുള്ള ഇഷാൻ കിഷന്റെ മടങ്ങി വരവിനെ കുറിച്ച് തുറന്നുപറഞ്ഞ് പരിശീലകൻ രാഹുൽ ദ്രാവിഡ്. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിൽ കിഷനെ ഉൾപ്പെടുത്താതിരുന്നത് അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരമായിരുന്നു. ടീം മാനേജ്‌മെന്റ് കിഷനെ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങൾ ആരെയും ഒന്നിൽ നിന്നും ഒഴിവാക്കുന്നില്ല. ആർക്കും എപ്പോൾ വേണമെങ്കിലും ടീമിലേക്ക് തിരിച്ചുവരാം. കിഷൻ ആവശ്യപ്പെട്ട പ്രകാരം ഇടവേള നൽകുന്നതിൽ ഞങ്ങൾക്ക് അതൃപ്തിയില്ലായിരുന്നു. ഇഷാൻ കിഷനുമായി ബന്ധപ്പെട്ടുള്ള കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാൻ എനിക്ക് ആഗ്രഹമില്ല. എല്ലാവർക്കും മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ നേരത്തെ പറഞ്ഞതാണ്. ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരമായി അയാൾ പങ്കെടുക്കണമെന്ന് ഞാൻ പറഞ്ഞിട്ടില്ല. അയാൾ എപ്പോഴാണ് തയ്യാറാവുന്നത്, അപ്പോൾ ഒന്നോ രണ്ടോ മത്സരങ്ങൾ കളിച്ചിട്ട് വേണം തിരിച്ചെത്താൻ. തീരുമാനം അദ്ദേഹത്തിന്റേതാണെന്നും നിർബന്ധിച്ച് ഒന്നും ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെടുന്നില്ലെന്നും ദ്രാവിഡ് പറഞ്ഞു.
ഇഷാൻ കിഷനെ ഒരു വർഷത്തേക്ക് ടീമിലേക്ക് പരിഗണിക്കില്ലെന്ന് ബിസിസിഐയെ ഉദ്ദരിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി രാഹുൽ ദ്രാവിഡ് രംഗത്തെത്തിയത്. എന്നാൽ താരത്തിന്റെ ടീമിലേ ഭാവിയെ പറ്റി ബിസിസിഐ വ്യക്തത വരുത്തിയിട്ടില്ല. അതേസമയം താരത്തെക്കുറിച്ച് ഒരുവിവരവുമില്ലെന്നും ഝാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ പറയുന്നു.രഞ്ജി ട്രോഫിയിൽ ഝാർഖണ്ഡിന് വേണ്ടി കിഷൻ ഇതുവരെയും ഒരു മത്സരം പോലും കളിച്ചിട്ടില്ല. ഇതുവരെ അഞ്ച് മത്സരങ്ങളാണ് പൂർത്തിയായത്.