ഡെറാഡൂൺ: ലഹരിക്കെതിരെ ഭാരതീയ ജനതാ യുവമോർച്ചയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പെയ്ന് തുടക്കം കുറിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ‘ലഹരിക്കെതിരെ ധാമി’എന്ന പേരിലാണ് ക്യാമ്പെയ്ൻ നടക്കുന്നത്. ഭാരതീയ ജനതാ യുവമോർച്ചയുടെ പ്രവർത്തകർ ധാമിയുമായി കൂടിക്കാഴ്ച നടത്തുകയും ക്യാമ്പെയ്നിന്റെ പേര് പ്രദർശിപ്പിക്കുന്ന ടീ ഷർട്ടുകൾ കൈമാറുകയും ചെയ്തു.
‘ലഹരിക്കെതിരെ ധാമി’ എന്നെഴുതിയ ടീ ഷർട്ടുകൾ പ്രവർത്തകർ വിതരണം ചെയ്തു. ഈ മാസം 10 വരെയാണ് ക്യാമ്പെയ്ൻ സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാമ്പെയ്ൻ നടക്കും. സംസ്ഥാനത്തെ സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികളെ ഉൾപ്പെടുത്തികൊണ്ടാണ് ക്യാമ്പെയ്ൻ നടത്തുന്നത്.
2025-ഓടെ സംസ്ഥാനത്തെ ലഹരിമുക്തമാക്കണം എന്ന മുഖ്യമന്ത്രി ധാമിയുടെ ആഹ്വാനമാണ് ഭാരതീയ ജനതാ യുവമോർച്ച ഏറ്റെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ ലഹരിമുക്തമാക്കാനായി ജനങ്ങളും മുന്നിട്ടിറങ്ങണമെന്ന് ധാമി മുമ്പ് ആഹ്വാനം ചെയ്തിരുന്നു. തുടർന്നാണ് ക്യാമ്പെയ്ൻ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ഉന്നതതല യോഗം ചേർന്ന് ശേഷം എത്രയും പെട്ടെന്ന് ക്യാമ്പെയ്ൻ ആരംഭിക്കാൻ ധാമി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.