ന്യൂഡൽഹി: ആഗോള സമ്പദ് വ്യവസ്ഥയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായ ചൈനയിൽ നിന്ന് നിക്ഷേപകർ കൂട്ടത്തോടെ ഇന്ത്യയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇതോടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദ്ഗദ്ധർ നിരീക്ഷിക്കുന്നത്.
വാൾ സ്ട്രീറ്റ് ഭീമന്മാരായ ഗോൾഡ്മാൻ സാച്‌സ് ഗ്രൂപ്പ്, മോർഗൻ സ്റ്റാൻലി തുടങ്ങിയവർ ഇന്ത്യയെ പ്രധാന നിക്ഷേപ കേന്ദ്രമായി അംഗീകരിച്ച് കഴിഞ്ഞു. ചൈനയിലെ നിക്ഷേപങ്ങളും ഇവർ പിൻവലിച്ചതായാണ് സൂചന.
62 ബില്യൺ ഡോളറിന്റെ ഹെഡ്ജ് ഫണ്ടുള്ള മാർഷൽ വേസ് മുൻനിര ഹെഡ്ജ് ഫണ്ടിൽ യുഎസിനുശേഷം ഇന്ത്യയെ അതിന്റെ ഏറ്റവും പ്രധാന ലക്ഷ്യമായി ഉയർത്തിക്കാണിക്കുന്നു. സൂറിച്ച് ആസ്ഥാനമായുള്ള വോണ്ടോബെൽ ഹോൾഡിംഗിന്റെ ഒരു വിഭാഗം ഇന്ത്യയെ അവരുടെ എമർജിംഗ് മാർക്കറ്റ് ഹോൾഡിംഗാക്കിയെന്നും ജാനസ് ഹെൻഡേഴ്‌സൺ ഗ്രൂപ്പ് ഇന്ത്യയിൽ നിക്ഷേപത്തിന് ശ്രമിക്കുകയാണെന്നും ജപ്പാനിലെ യാഥാസ്ഥികരായ റീട്ടെയിൽ നിക്ഷേപകർ പോലും ഇന്ത്യയെ സ്വീകരിക്കുന്നുവെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നു.
ഏഷ്യയിലെ വൻശക്തികളായ ഇന്ത്യയുടെയും ചൈനയുടെയും സമ്പദ് വ്യവസ്ഥയെ നിക്ഷേപകർ അതിസൂക്ഷ്മമായാണ് വിലയിരുത്തുന്നത്. നിക്ഷേപകരെ ആകർഷിക്കുന്നതിനായി ബജറ്റിൽ ഉൾപ്പെടെ നിരവധി പ്രഖ്യാപനങ്ങളാണ് കേന്ദ്രസർക്കാർ നടത്തിയിരിക്കുന്നത്. സാമ്പത്തിക പ്രശ്‌നങ്ങളും ലോകരാജ്യങ്ങളുമായുള്ള അഭിപ്രായ ഭിന്നതയെയും തുടർന്ന് ചൈനയുടെ നിലവിലെ അവസ്ഥയും അത്ര പന്തിയല്ല.















