എറണാകുളം: തണ്ണീർക്കൊമ്പന്റെ ജഡത്തിന് മുന്നിൽ നിന്ന് ഫോട്ടോഷൂട്ട് നടത്തിയെന്നാരോപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വനംവകുപ്പ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ആനിമൽ ലീഗൽ ഫോഴ്‌സ് ജനറൽ സെക്രട്ടറി, വൈൽഡ് ലൈഫ് കൺട്രോൾ ബ്യൂറോയ്‌ക്ക് പരാതി നൽകി. ആനയുടെ ജഡത്തിനൊപ്പം നിന്ന് ചിത്രങ്ങൾ പകർത്തിയ 14 ജീവനക്കാർക്കെതിരെ കേസെടുക്കണമെന്ന് പരാതിയിൽ പറയുന്നു.
ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തിലാണ് തണ്ണീർക്കൊമ്പന് രണ്ട് തവണ മയക്കുവെടിയേറ്റത്. മാനന്തവാടി ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ മയക്കുവെടി വച്ച് ലോറിയിൽ കയറ്റി ബന്ദിപ്പൂരിൽ എത്തിക്കുന്നതിനിടെയായിരുന്നു ആന ചരിഞ്ഞത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ആന ചരിഞ്ഞതിനു ശേഷം ഫോട്ടോ എടുക്കാനുള്ള കാത്തിരിപ്പിലായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരെന്നാണ് പരാതിക്കാരന്റെ ആരോപണം. തികച്ചും കിരാതമായ ഈ പ്രവൃത്തി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ധീരത തെളിയിക്കുക എന്ന ദുരുദ്ദേശത്തോടെയാണ് നടത്തിയതെന്നും പരാതിയിൽ പറയുന്നു.