കോഴിക്കോട്: ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചുകയറ്റിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം നേതാവിന്റെ ക്രിമിനൽ കേസിലെ പ്രതിയായ മകനായതിനാലാണ് പിഴയിട്ട് ഒതുക്കിയതെന്ന് സുരേന്ദ്രൻ വിമർശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവർണറെ ഭയാനകമായി ഒറ്റപ്പെടുത്തുകയാണ്. ഈ സംഭവത്തിന് ആയിരം രൂപ പിഴയിട്ടാൽ മാത്രം മതിയോ. പിഴയിട്ട് കേസെടുക്കാൻ ആരാണ് പോലീസിന് അധികാരം നൽകിയത്. ഇത് ശരിക്കും നിയമവാഴ്ചയാണ്. ഭരണഘടനാ സ്ഥാനത്ത് പ്രവർത്തിക്കുന്നവർക്ക് കേരളത്തിൽ സുരക്ഷയില്ല. പിണറായിക്കും പരിവാരങ്ങൾക്കും മാത്രമാണ് പോലീസ് സുരക്ഷയൊരുക്കുന്നത്. കേരളത്തിന്റെ ക്രമസമാധാന നില കേരളത്തിൽ തകർന്നിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് സിപിഎം നേതാവിന്റെ മകൻ കാറോടിച്ച് കയറ്റിയത്. കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിന് സമീപം രാത്രിയോടെയായിരുന്നു സംഭവം. പോലീസ് സ്ഥലത്തെത്തി യുവാവിനെയും കാറിനെയും കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ജില്ലയിലെ ഉന്നത സിപിഎം നേതാവിന്റെ മകനാണെന്ന് അറിഞ്ഞതോടെ ഇയാളെ വിട്ടയക്കുകയായിരുന്നു.