റാഞ്ചിയിലെ ദിയോരി മാതാ ക്ഷേത്രം സന്ദർശിച്ച് പൂജകൾ നടത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായാണ് താരം ക്ഷേത്രത്തിലെത്തിയത്. ഓരോ വർഷവും താരം ജന്മനാട്ടിലെ ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകൾ നടത്താറുണ്ട്. ക്ഷേത്ര സന്ദർശനത്തിന്റെ വീഡിയോകൾ ആരാധകർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഇതാണ് വൈറലായത്.
ധോണിക്കൊപ്പം കുറച്ച് സുരക്ഷ ഉദ്യോഗസ്ഥരെയും ക്ഷേത്രത്തിൽ കാണാം. താരത്തെ കണ്ടതിന് പിന്നാലെ ക്ഷേത്രത്തിൽ വലിയ ജനക്കൂട്ടമുണ്ടായി. ഇന്ന് രാവിലെയാണ് താരം ക്ഷേത്രത്തിലെത്തിയതെന്നാണ് സൂചന. ചെന്നൈ സൂപ്പർ കിംഗ്സ് നായകനായ ധോണി ഈ സീസണോടെ ഐപിഎല്ലിൽ നിന്ന് വിരമിക്കുമെന്നാണ് ഉയരുന്ന റിപ്പോർട്ടുകൾ.
42 വയസാണെങ്കിലും താരം ഫിറ്റ്നസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും വരുത്തില്ലെന്ന് അടുത്തിടെ പുറത്തുവന്ന വീഡിയോകളിൽ നിന്ന് വ്യക്തമാണ്. കാൽമുട്ടിലെ ശസ്ത്രക്രിയക്ക് ശേഷം താരം വിശ്രമത്തിലാണെങ്കിലും വിക്കറ്റ് കീപ്പർ ബാറ്റർ ബാറ്റിംഗ് പരിശീലനം നടത്താറുണ്ട്.