കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേരളം ഹൃദയത്തിൽ സ്വീകരിച്ചതിന്റെ തെളിവാണ് കേരള പദയാത്രയ്‌ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ജനപിന്തുണയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കൊല്ലം ചിന്നക്കടയിൽ നടക്കുന്ന പദയാത്രയുടെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം മാറ്റത്തിന്റെ സൂചനകൾ നൽകിയെന്നും കേരളത്തിന് മാത്രം മാറാതിരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ സീറ്റുകൾ നേടാൻ എൻഡിഎയ്‌ക്ക് ഇനി അധികനാൾ കാത്തിരിക്കേണ്ട വരില്ല. ഇരുമുന്നണികളേയും കേരളം ബഹിഷ്‌കരിച്ചു കഴിഞ്ഞെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ കേരളത്തിലെ ജനങ്ങളും ഏറ്റെടുത്തു. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ സഹകരിക്കില്ലെന്ന എൽഡിഎഫിന്റേയും യുഡിഎഫിന്റെയും ആഹ്വാനം മലയാളക്കര തള്ളിക്കളയുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരു മുന്നണികളോടും കേരള ജനത ‘ടാറ്റ ബൈ’ പറയാൻ തയാറാകുകയാണ്. ആലിബാബയും 41 കള്ളന്മാരും എന്ന് പറയും പോലെയാണ് പിണറായിയും സംഘവും ഡൽഹിക്ക് പോകുന്നത്. കേന്ദ്രത്തിനെതിരെ വ്യാജ പ്രചാരണം നടത്താനായാണ് മുഖ്യമന്ത്രി ഡൽഹിക്ക് പോകുന്നതെന്നും അദ്ദേഹം വിമർശിച്ചു.
നരേന്ദ്രമോദി സഹായിച്ചത് പോലെ ഒരു സർക്കാരും കേരളത്തെ സഹായിച്ചിട്ടില്ല. കൊല്ലത്തെ എംപിയായ പ്രേമചന്ദ്രൻ എട്ട് കാലി മമ്മൂഞ്ഞ് കളിക്കുകയാണെന്നെന്നും അദ്ദേഹം വ്യക്തമാക്കി. റെയിൽവേ വികസനം കേന്ദ്രസർക്കാരാണ് സാധ്യമാക്കിയത്. എന്നാൽ അതിന്റെ ക്രെഡിറ്റ് സ്വന്തമാക്കി കൊല്ലത്തെ എംപി സ്വന്തമായി ഫ്‌ലക്‌സ് വെക്കുന്നു. കേരളത്തിലെ എംപിമാർ നിർഗുണപരബ്രഹ്‌മന്മാരാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
എൻഡിഎ ഭരണത്തിൽ ഭാരതം ലോകത്തിൽ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി പറഞ്ഞു. ചിന്നക്കടയിലെ പദയാത്രയുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത തിരഞ്ഞെടുപ്പിൽ 400 ലധികം സീറ്റുകളുടെ ഭൂരിപക്ഷത്തിൽ എൻഡിഎ വൻ വിജയം നേടും. ഒപ്പം ഇൻഡി മുന്നണിയെ ജനം ചവട്ടി ഓടയിൽ എറിയുമെന്നും അനിൽ ആന്റെണി യോഗത്തിൽ പറഞ്ഞു.















