മുംബൈ: കുവൈറ്റിൽ നിന്നുള്ള ബോട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ മുംബൈയിൽ എത്തിയ തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ. കന്യകുമാരി ജില്ലക്കാരായ ആന്റണി, നിദിസോ ഡിറ്റോ, വിജയ് ആന്റണി എന്നിവരെയാണ് ഗേറ്റ് വേ ഓഫ് ഇന്ത്യയ്‌ക്ക് സമീപത്ത് നിന്ന് കസ്റ്റഡിയിലെടുത്തത്.
ഇന്ത്യൻ നേവിയുടെ പെട്രോളിംഗ് യൂണിറ്റാണ് അബ്ദുല്ല ഷറഫത്ത് എന്ന ബോട്ട് പിടിച്ചെടുത്തത്. തീരദേശ പോലീസും കൊളാബ പോലീസും സംയുക്തമായി ഇവരെ ചോദ്യം ചെയ്തുവരികയാണ്. കുവൈറ്റിലെ ഫിഷിംഗ് കമ്പനി തൊഴിലാളികളാണ് പിടിയിലായവരെന്ന് പോലീസ് വ്യക്തമാക്കി. 12 ദിവസം എടുത്താണ് ഇവർ മുംബൈയിൽ എത്തിയത്.
തൊഴിലുടമയിൽ നിന്ന് കടുത്ത പീഡനം നേരിട്ടതായും ശമ്പളവും കുടിശ്ശികയും നൽകിയിരുന്നില്ലെന്നും പാസ്പോർട്ട് കണ്ടുകെട്ടിയതിനെ തുടർന്നാണ് ബോട്ട് മോഷ്ടിച്ചതെന്നും തമിഴ്‌നാട് സ്വദേശികൾ മൊഴിനൽകി. പാസ്പോർട്ട് നിയമപ്രകാരം, രാജ്യത്ത് അനധികൃതമായി പ്രവേശിച്ചു എന്ന കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.2008 ലെ മുംബൈ ഭീകരാക്രമണത്തിനായി 10 പാക് ഭീകരർ ഇതേ മാർഗത്തിലൂടെയാണ് രാജ്യത്ത് പ്രവേശിച്ചത്.