ന്യൂഡൽഹി: രാജ്യസഭയിൽ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതു തിരഞ്ഞെടുപ്പിന് മുമ്പായി രാജ്യസഭയിൽ പ്രധാനമന്ത്രി നടത്തുന്ന അവസാനത്തെ പ്രസംഗമാണിത്.
“രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ തെളിഞ്ഞ് നിന്നത് രാജ്യത്തിന്റെ ആത്മവിശ്വാസമാണ്. രാഷ്‌ട്രപതിയുടെ വാക്കുകളിൽ നിറഞ്ഞത് രാജ്യത്തിന്റെ ശക്തവും, സുദൃഢവുമായ ഭാവിയാണ്. ഇതിന് രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് നന്ദി അറിയിക്കുന്നു. വിഘടനവാദത്തെയും ഭീകരവാദത്തെയും കോൺഗ്രസ് പ്രോത്സിഹിപ്പിച്ചു. തെക്കേ ഇന്ത്യ വിഭജിക്കണമെന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നു.
ലോക്സഭയിൽ നടന്ന ചർച്ചയിൽ എൻഡിഎ 400 സീറ്റ് നേടുമെന്ന് മല്ലിഖാർജുന് ഖാർഗെ അനുഗ്രഹിച്ചു. സീറ്റ് വിഭജനത്തെ ചൊല്ലി കോൺഗ്രസ് നയിക്കുന്ന ഇൻഡി മുന്നണി തമ്മിലടിക്കുകയാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസിന് 40 സീറ്റെങ്കിലും ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
ഇന്ത്യയുടെ മണ്ണ് വിദേശ ശക്തികൾക്ക് സമ്മാനിച്ചവരാണ് കോൺഗ്രസുകാർ. സൈന്യത്തിന്റെ വികസനത്തെ തടഞ്ഞുനിർത്തിയ കോൺഗ്രസ്, ഇന്ന് ദേശീയ സുരക്ഷയെ കുറിച്ചും ആഭ്യന്തര സുരക്ഷയെ കുറിച്ചും സംസാരിക്കുകയാണ്.
നയത്തിലും നേതാവിലും ഗ്യാരന്റിയില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. സ്വാതന്ത്ര്യത്തിന് ശേഷവും അടിമത്തമനോഭാവം തുടർന്നു. രാജ്യത്ത് വ്യവസായങ്ങൾ വേണോ, കൃഷി വേണോയെന്ന് കോൺഗ്രസിന് സംശയമായിരുന്നു. ദേശസാൽകൃതമാകണോ അതോ സ്വകാര്യവത്കരിക്കണമോയെന്ന് കോൺഗ്രസ് ആശയകുഴപ്പത്തിലായിരുന്നു. പത്ത് വർഷം കൊണ്ട് കോൺഗ്രസ് ഇന്ത്യൻ സാമ്പത്തിക രംഗത്തെ 12-ാം സ്ഥാനത്ത് നിന്ന് 11-ാം സ്ഥാനത്തേക്ക് എത്തിച്ചു. എന്നാൽ അഞ്ച് വർഷം കൊണ്ട് ഞങ്ങൾ അഞ്ചാം സ്ഥാനത്തെത്തിച്ചു. ഈ കോൺഗ്രസാണ് സാമ്പത്തിക നയങ്ങളിൽ എൻഡിഎ സർക്കാരിനെ ഉപദേശിക്കാൻ വരുന്നത്.
കോൺഗ്രസിന്റെ അധികാരക്കൊതി ജനാധിപത്യത്തെ തകർത്തു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ കോൺഗ്രസ് ഒറ്റരാത്രി കൊണ്ട് മറിച്ചിട്ടു. ഭരണഘടനാ മൂല്യങ്ങളെ കോൺഗ്രസ് തടവിലാക്കി, മാദ്ധ്യമങ്ങൾക്ക് പൂട്ടിട്ടു. അതേ കോൺഗ്രസ് തന്നെ ഇന്ന് രാജ്യത്തെ തകർക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു. ഇതൊരു പുതിയ കാര്യമല്ല. രാജ്യത്തെ വടക്ക്-തെക്ക് എന്നിങ്ങനെ വിഭജിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു. എന്നിട്ട് ജനാധിപത്യത്തെ കുറിച്ച് ക്ലാസെടുക്കുകയാണ്.
പത്ത് വർഷത്തെ കോൺഗ്രസ് ഭരണത്തെ തുടർന്ന് ഭാരതത്തിന്റെ സാമ്പത്തിക അവസ്ഥ വഴിമുട്ടിയ നിലയിലായിരുന്നു. നയ ദൗർബല്യത്തിന് കോൺഗ്രസ് ഭരണം പേര് കേട്ടു. മറുവശത്ത് ഭാരതം ഇന്ന് അഞ്ച് സാമ്പത്തിക ശക്തികളിൽ ഒന്നാണ്. ഞങ്ങളുടെ പത്ത് വർഷം ശക്തയമായ നയങ്ങളുടെ പേരിൽ എന്നും ഓർത്തിരിക്കും.”- പ്രധാനമന്ത്രി പറഞ്ഞു.















