തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച ചിത്രമാണ് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുക്കെട്ടിലൊരുങ്ങിയ നേര്. റിലീസ് ചെയ്ത് ദിവസങ്ങൾക്കകം തന്നെ ചിത്രം ജനഹൃദയങ്ങൾ കീഴടക്കിയിരുന്നു. ഇന്നിതാ ചിത്രം അമ്പത് ദിവസങ്ങൾ പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവയ്‌ക്കുകയാണ് മോഹൻലാൽ. ലോകമെമ്പാടും നേരിന് ലഭിച്ച സ്വീകാര്യതയ്‌ക്ക് നന്ദി അറിയിക്കുന്നുവെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
അമ്പത് ദിവസങ്ങൾ പൂർത്തിയാക്കിയ നേരിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. നേരിനെ നെഞ്ചിലേറ്റിയ ജനമനസുകൾക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്നാണ് പോസ്റ്ററിലുള്ളത്. തിയേറ്ററിലെത്തി 25 ദിവസങ്ങൾ കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബിലെത്തിയത്. ഇതോടെ 2023-ൽ റിലീസ് ചെയ്ത് 100 കോടി ക്ലബ്ബിലെത്തിയ സിനിമകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ നേര്.
രാജ്യത്ത് 500 തിയേറ്ററുകളിലും ഇന്ത്യക്ക് പുറത്ത് 400 തിയേറ്ററുകളിലുമാണ് നേര് പ്രദർശിപ്പിച്ചത്. ആദ്യദിനം മുതൽ മികച്ച കളക്ഷനാണ് നേര് സ്വന്തമാക്കിയിരുന്നത്. അനശ്വര രാജൻ, ജഗദീഷ്, സിദ്ദിഖ്, പ്രിയാമണി തുടങ്ങി ഒട്ടനവധി താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഇതര ഭാഷകളിലേക്ക് നേര് റീമേക്ക് ചെയ്യുന്നുവെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അടുത്തിടെ അറിയിച്ചിരുന്നു