ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ ബിജെപി നേതാക്കളുടെ പ്രതിച്ഛായ തകർക്കാൻ വ്യാജ സിഡികൾ ഹാജരാക്കിയ കേസിൽ പർവേസ് പർവാസിന് ഗോരഖ്പൂർ കോടതി 7 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. പിഴയും ചുമത്തിയിട്ടുണ്ട്.
2007 ലാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത് . ഇറാഖി സ്വേച്ഛാധിപതി സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോൾ പർവേസ് ഗോരഖ്പൂരിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുകയും മുസ്ലീം ജനക്കൂട്ടത്തെ കൂട്ടി നഗരത്തിലെ ഹിന്ദു കടകൾക്ക് നേരെ കല്ലെറിയുകയും ചെയ്തു . ഇതോടെ നഗരത്തിലെ ക്രമസമാധാനന്തരീക്ഷം തകരാറിലായി . പിന്നാലെ അന്ന് ഗോരഖ്പൂർ എംപിയായിരുന്ന യോഗി ആദിത്യനാഥ്, ബിജെപി നേതാക്കളായ ശിവപ്രതാപ് ശുക്ല, രാധാമോഹൻ ദാസ് അഗർവാൾ, അഞ്ജു ചൗധരി എന്നിവർ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്ന് ആരോപിച്ച് പർവേസ് വ്യാജ കേസ് ഫയൽ ചെയ്തു.
അന്വേഷണത്തിൽ പർവേസിന്റെ വാദങ്ങൾ തെളിയിക്കാനായില്ല. പർവേസിനോട് കോടതി തെളിവ് ചോദിച്ചപ്പോൾ ഒരു സിഡി നൽകി. ഈ സിഡിയിൽ നേതാക്കളുടെ പ്രകോപനപരമായ പ്രസംഗങ്ങളുണ്ടെന്നും അവകാശപ്പെട്ടു. ഈ സിഡി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചപ്പോൾ ഇത് വ്യാജമാണെന്നും പ്രസംഗത്തിൽ കൃത്രിമം കാണിച്ചതായും കണ്ടെത്തി.
ഈ സാഹചര്യത്തിൽ, പാർട്ടി നേതാക്കളുടെ പ്രതിച്ഛായ മോശമാക്കിയെന്ന് ആരോപിച്ച് പർവേസിനെതിരെ കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസുകളിൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് ആദർശ് ശ്രീവാസ്തവയാണ് ശിക്ഷ വിധിച്ചത്. ഒരു കേസിൽ അഞ്ച് വർഷവും മറ്റൊന്നിൽ ഏഴ് വർഷവുമാണ് ശിക്ഷ. 10,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.