തിരുവനന്തപുരം: കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയതിനു പിന്നാലെ അവധിയിൽ പ്രവേശിച്ച് ബിജു പ്രഭാകർ. ഈ മാസം 17 വരെയാണ് അവധിയിൽ പ്രവേശിച്ചിരിക്കുന്നത്. ഇപ്പോഴുള്ള പദവിയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് ബിജു ചീഫ് സെക്രട്ടറി വി. വേണുവിന് കത്ത് നൽകിയിരുന്നു. എന്നാൽ ഇതിൽ തുടർ നടപടികൾ എടുക്കാത്തതിനാലാണ് ബിജു അവധിയിൽ പ്രവേശിച്ചിരിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
ഗതാഗത മന്ത്രി ഗണേഷ് കുമാറുമായിയുള്ള വിയോജിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് അവധി എടുത്തിരിക്കുന്നത്. എന്നാൽ തന്റെ വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ഇപ്പോൾ അവധിയെടുക്കുന്നതെന്നാണ് ബിജു പ്രഭാകറിന്റെ വിശദീകരണം. വിദേശ സന്ദർശനത്തിന് ശേഷം തിരിച്ചെത്തി ഓഫീസിൽ പോകാനിരിക്കെയാണ് അദ്ദേഹം വീണ്ടും അവധിയിൽ പ്രവേശിച്ചിരിക്കുന്നത്.
വിദേത്തു നിന്നും കഴിഞ്ഞ മാസം തിരിച്ചെത്തിയ അദ്ദേഹം കെഎസ്ആർടിസി ഓഫീസിൽ പോവുകയോ ഫയലുകളിൽ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ലായിരുന്നു. ഇലക്ടിക് ബസുകൾ ലാഭകരമല്ലെന്നും ഈ ബസുകൾ ഇനി വാങ്ങില്ലെന്നും ഗണേഷ് കുമാർ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ഭിന്നതകളും എതിർപ്പുകളും മന്ത്രിയുമായുള്ള കടുത്ത വിയോജിപ്പിലേക്ക് നയിക്കുകയായിരുന്നു. ഇതോടെ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയെങ്കിലും ഇത് മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്നാണ് പുറത്തു വരുന്ന വിവരം. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം വരാത്തതിനെ തുടർന്നാണ് ഇപ്പോൾ ബിജു പ്രഭാകർ അവധിയിൽ പ്രവേശിച്ചിരിക്കുന്നതെന്നാണ് സൂചന.















