കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജയിലുകളിലെ വനിത തടവുകാർ ഗർഭിണികളാകുന്നതിൽ ആശങ്ക പങ്കുവച്ച് കോടതി. അമിക്കസ് ക്യൂറി റിപ്പോർട്ട് വിലയിരുത്തിയ ശേഷമാണ് കൊൽക്കത്ത ഹൈക്കോടതി വിലയിരുത്തൽ നടത്തിയത്. വനിത തടവുകാരുടെ ബ്ലോക്കുകളിലെ പുരുഷ ഉദ്യോഗസ്ഥരെ വിലക്കണമെന്നാണ് ഹൈക്കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ അമിക്കസ് ക്യൂറി വ്യക്തമാക്കുന്നത്. കൂടാതെ എല്ലാ ജില്ല ജഡ്ജിമാരും അവരവരുടെ ജൂറിസ്ട്രിക്ഷന് കീഴിൽ വരുന്ന ജയിലുകളും കറക്ഷൻ ഹോമുകളും സന്ദർശിച്ച് വനിത തടവുകാരുടെ ക്ഷേമം അന്വേഷിച്ച്, എത്രപേർ ജയിൽവാസത്തിൽ ഗർഭിണികളായെന്ന് കണ്ടെത്തണമെന്നും നിർദ്ദേശമുണ്ട്.
ജയിലുകളിൽ ഇതുവരെ കുറഞ്ഞത് 196 കുഞ്ഞുങ്ങളെങ്കിലും ജനിച്ചിട്ടുണ്ടെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കുന്നു. ജയിൽ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് റിപ്പോർട്ടുകൾ പരിഗണിച്ചത്. വനിതാ തടവുകാർ ഗർഭിണികളായ കാലഘട്ടത്തെക്കുറിച്ചും സാഹചര്യത്തെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമില്ല. ഡിവിഷൻ ബെഞ്ച് റിപ്പോർട്ട് തിങ്കളാഴ്ച പരിഗണിക്കും. തടവുകാരെ ജയിലുകളിൽ പ്രവേശിക്കും മുൻപ് ഗർഭണിയാണോയെന്ന് പരിശോധിക്കണമെന്ന് പോലീസ് സ്റ്റേഷനുകൾക്ക് നിർദ്ദേശം നൽകണമെന്നും ഇതിനായി ഉത്തരവിറക്കണമെന്നും കോടതിയോട് അമിക്കസ് ക്യൂറി ശുപാർശ ചെയ്തിട്ടുണ്ട്.
അലിപൂരിലെ വനിതാ ജയിലിൽ 15 കുട്ടികളെ കണ്ടെത്തിയെന്നും ഇതിൽ 10 ആൺകുട്ടികളും 5 പെൺകുട്ടികളുമാണ്. ജയിലില്‍ പ്രാഥമിക ആരോഗ്യ സംവിധാനങ്ങളിലെ പോരായ്മയും റിപ്പോർട്ട് വിശദമാക്കുന്നു. പലരുടെയും പ്രസവം ജയിലായിരുന്നെന്നും അന്തേവാസികളെ ഉദ്ദരിച്ച് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.















