അതത് തട്ടകങ്ങളുടെ സാമൂഹികവും സാംസ്കാരികവും ഭൂമിശാസ്ത്രപരവും ഘടനാപരവുമായ ഒട്ടേറെ സവിശേഷതകൾ നിഷ്കൃഷ്ടമായ വിലയിരുത്തിയതിനുശേഷമാണ് നമ്മുടെ ഓരോ ക്ഷേത്രങ്ങളിലെയും ആചാരാനുഷ്ഠാനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത് അതുകൊണ്ടുതന്നെ ഓരോ ഗ്രാമക്ഷേത്രങ്ങളും തന്നാടുകളുടെ അനന്യമായ വ്യക്തിത്വം അത്രമേൽ സ്വാംശീകരിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ആകൃതിയിൽ മാത്രമല്ല എല്ലാത്തരം പ്രകൃതിയിലും ഇത്തരം ആവിഷ്കാരങ്ങൾ സന്നിവേശിപ്പിച്ചിരിക്കുന്നതിനാൽ എന്തെന്ത് വൈവിധ്യങ്ങളാണ് പ്രകടീഭവിക്കുന്നത്.?? നമ്മുടെ സാമാന്യ വിജ്ഞാനത്തിന് കണ്ടെത്താൻ കഴിയുന്നതിനുമപ്പുറം പലതും അടക്കം ചെയ്ത അക്ഷയ ഖനികളാണ് നമ്മുടെ ക്ഷേത്രങ്ങൾ ചടങ്ങുകൾ. നിവേദ്യത്തിന്റെ കാര്യം മാത്രം ഒന്ന് പരിശോധിച്ചാൽ മതി അതിന്റെ പ്രാമാണികത ദർശിക്കാൻ.
തിരുവാർപ്പ് കൃഷ്ണന്റെ ഉഷ:പ്പായസവും അമ്പലപ്പുഴ കണ്ണന്റെ പാൽപ്പായസവും ചേർത്തല കാർത്യാനി ക്ഷേത്രത്തിലെ തടിയും ഇത്തരത്തിലെ വിശിഷ്ടമായ നൈവേദ്യങ്ങൾ ആണ്. 108 വൈഷ്ണവ തിരുപ്പതികളിൽ ഒന്നായ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ “പന്തീരായിരം വഴിപാട്” അതുപോലെയുള്ള ഒരു വിശേഷപ്പെട്ട നിവേദ്യം ആണ്. കേരളത്തിലെ 13 പതികളിൽ ഒന്നായ ഇവിടുത്തെ പൂജയിലും ഒട്ടേറെ സവിശേഷതകൾ ഉണ്ട്. ഉച്ചപൂജയോട് അനുബന്ധിച്ചാണ് പന്തീരായിരം നടത്തുക കാളി, പടറ്റി എന്നീ ഇനങ്ങളിലെ കുലകളാണ് നിവേദിക്കുന്നത്. പൂവൻ പഴവും കദളിയും ആവാം എന്നും പറയുന്നു. പാളയം തോടനും കണ്ണനും പാടില്ല.
വാദ്യഘോഷത്തോടെ, നെറ്റിപ്പട്ടം കെട്ടിയ ആനയുടെ അകമ്പടിയോടെയാണ്, പന്തീരായിരം എഴുന്നള്ളിക്കുന്നത്. ഇപ്പോൾ തുകലശ്ശേരി ശ്രീ മഹാദേവക്ഷേത്ര സന്നിധിയിൽ നിന്നാണ് ഘോഷയാത്ര ആരംഭിക്കുന്നത്.ആഘോഷമായി കൊണ്ടുവരുന്ന പഴം ശ്രീവല്ലഭ സന്നിധിയിലെ മണ്ഡപത്തിൽ വെച്ച് പുന്നശ്ശേരി മൂസതന്മാർ രണ്ടായി ഭാഗിക്കുന്നു. വലത്തെ പങ്ക് ദേവന് നിവേദിക്കും. ഇടത്തെ പങ്ക് ബ്രഹ്മസ്വമായി ബ്രാഹ്മണർക്ക് വീതിച്ചു കൊടുക്കുന്നു. ശങ്കരമംഗലത്തമ്മ നൽകിയ വിഭവങ്ങൾ ബ്രഹ്മചാരി രണ്ടായി പകുത്ത് ആദ്യപകുതി അനുചര ബ്രാഹ്മണർക്ക് നൽകിയതിനു ശേഷം ബാക്കി ഭക്ഷിച്ചു എന്നാണ് കഥ.
പരമ ഭക്തയായ ശങ്കരമംഗലത്തമ്മ ഉപവാസനന്തരം ഒരു ബ്രഹ്മചാരിയെ കാല് കഴുകി ചൂട്ടിയിട്ട് ഭക്ഷണം കഴിച്ചിരുന്നുള്ളൂ. അന്ന് തുകലാസുരനെ ഭയന്ന് ആരും പുറത്തിറങ്ങാൻ ധൈര്യപ്പെട്ടിരുന്നില്ല. അമ്മയുടെ അർഘ്യം സ്വീകരിക്കുവാൻ ഭഗവാൻ നേരിട്ട് എത്തി എന്നാണ് സങ്കല്പം. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടായ പാളനമസ്കാരത്തിന്റെ കഥയും ഇതിന്റെ തന്നെ അനുബന്ധമാണ്. കുടുംബത്തിൽ സമ്പദ് സമൃദ്ധിക്കും ഐശ്വര്യ ലബ്ധിക്കുമായി ഭക്തജനങ്ങൾ പാള നമസ്ക്കാരം വഴിപാട് നടത്തുന്നു. ഇപ്പോൾ മാസങ്ങൾക്ക് മുൻപേ തീയതി ബുക്ക് ചെയ്തിട്ടാണ് ഈ വഴിപാട് നടത്തുന്നത്.
ക്ഷേത്രോത്സവത്തിന് പതിവായി കൽച്ചട്ടി കച്ചവടത്തിന് എത്തിയിരുന്ന ഒരു പരദേശിയുമായി ബന്ധപ്പെടുത്തിയും ഒരു കഥയുണ്ട്. പഴം നേദിക്കാം എന്ന് പറഞ്ഞിട്ട് അത് ചെയ്യാതെ അദ്ദേഹം മടങ്ങി.. പല അനിഷ്ടങ്ങളും സംഭവിച്ച അദ്ദേഹത്തിന്റെ ജീവിതവും വ്യാപാരവും ക്ഷയോൻമുഖമായി. ഇതിന്റെ കാരണം കണ്ടുപിടിക്കാൻ ജ്യോതിഷ മാർഗ്ഗം സ്വീകരിച്ച അദ്ദേഹത്തിന് കാര്യം മനസ്സിലാവുകയും പന്തീരായിരം വഴിപാട് ഭംഗിയായി നടത്തിയ വിഷമം വൃത്തത്തിൽ നിന്ന് നിന്ന് മുക്തി നേടി എന്നുമാണ് കഥ.
ഈ വർഷത്തെ പന്തീരായിരം വഴിപാടും ചതുശ്ശാതം വഴിപാടും 2024 ഫെബ്രുവരി 13 ചൊവ്വാഴ്ചയാണ് നടക്കുക. അന്ന് രാവിലെ 7 ന് തുകലശ്ശേരി മഹാദേവ സന്നിധിയിൽ നിന്ന് പന്തീരായിരം ഘോഷയാത്ര ആരംഭിക്കും. ആദ്യത്തെ കുല തുക തലശ്ശേരി മഹാദേവന് സമർപ്പിച്ച ശേഷം ശേഷം കുട്ടകളിലും തളികകളിലും നിറച്ച് നാമജപവും വായിക്കുരവയുമായിഭക്തജനങ്ങൾ ഘോഷയാത്രയിൽ പങ്കുചേരും. പള്ളിവേട്ടയാൽക്കവലയിലെത്തി ഗോവിന്ദൻകുളങ്ങര ദേവിക്കും പഴക്കുല സമർപ്പിച്ച ശേഷം ശ്രീവല്ലഭ ക്ഷേത്രത്തിൽ എത്തി നമസ്കാര മണ്ഡപത്തിൽ സമർപ്പണം നടത്തും. തുടർന്ന് ഭഗവാൻ ശ്രീവല്ലഭന് നിവേദിച്ച ശേഷം പഴങ്ങൾ ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകും.
എഴുതിയത് : ഹരി . പി
ഫോൺ : 94956 06931
(ആദ്ധ്യാത്മിക ലേഖനങ്ങൾ എഴുതാറുള്ള പി ഹരി തിരുവല്ല സ്വദേശിയാണ്)















