മലപ്പുറം: മലപ്പുറം ആർടിഒ ഓഫീസിൽ ഉന്നത ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന. ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡായ ടിസി സ്‌ക്വാഡാണ് ആർടിഒ ഓഫീസിൽ പരിശോധന നടത്തുന്നത്. സീനിയർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ ഷാജി മാധവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിക്കുന്നത്.
വാഹനങ്ങളുടെ നികുതി വെട്ടിപ്പ് നടക്കുന്നത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. തിരൂർ സബ് ആർടിഒ ഓഫീസിലെ ക്രമക്കേട് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് പരിശോധന കർശനമാക്കിയത്.
ഏകദേശം 50 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് തിരൂർ ആർടിഒ ഓഫീസിൽ നിന്നും കണ്ടെത്തിയത്. മലപ്പുറം ആർടിഒയിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം ജില്ലയിലെ മറ്റ് ജോയിൻര് ആർടിഒ ഓഫീസുകളിലും പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.