ന്യൂഡൽഹി: ധവളപത്രത്തിനെതിരെ കോൺഗ്രസ് ഉയർത്തിയ ആരോപണങ്ങൾക്ക് ലോക്സഭയിൽ ശക്തമായ മറുപടി നൽകി ധനമന്ത്രി നിർമലാ സീതാരാമൻ. കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച ധവളപത്രം വളരെ പ്രധാനപ്പെട്ട രേഖയാണ്. യുപിഎ സർക്കാരിന്റെ 10 വർഷത്തെ കെടുകാര്യസ്ഥതയ്‌ക്ക് ശേഷം ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയെ തിരികെ കൊണ്ടുവരാൻ ബിജെപി സർക്കാർ സ്വീകരിച്ച ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും ധനമന്ത്രി വ്യക്തമാക്കി.
കോൺഗ്രസിന്റെ നേതൃത്വത്തിൽ പത്ത് വർഷം ഇന്ത്യ ഭരിച്ച യുപിഎ സർക്കാരിന്റെ സാമ്പത്തിക നടപടികളെയും മോദി സർക്കാരിന്റെ 10 വർഷത്തെ സാമ്പത്തിക നയങ്ങളെയും താരതമ്യം ചെയ്യുന്ന ധവളപത്രം വ്യാഴാഴ്ചയായിരുന്നു പാർലമെൻ്റിൽ അവതരിപ്പിച്ചത്.
“ധവളപത്രത്തെ അടിസ്ഥാനരഹിത രേഖയെന്ന് ആരോപിക്കുന്നവരെ ഞാൻ വെല്ലുവിളിക്കുകയാണ്. എല്ലാം തെളിവുകൾ സഹിതമാണ് നിരത്തിയിരിക്കുന്നത്. തെളിവില്ലാത്ത ധവളപത്രമാണിതെന്ന് പറയുന്നവരെ വെല്ലുവിളിക്കുന്നു.” പ്രതിരോധ മേഖലയിൽ സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക പുരോഗതിക്കായി പാരിസ്ഥിതിക അനുമതികൾ വേഗത്തിലാക്കുന്നതിനും നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന നയങ്ങളെയും ധനമന്ത്രി ചൂണ്ടിക്കാട്ടി.
2014-ൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ രൂപീകരിക്കുമ്പോൾ ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥ ദുർബലമായിരുന്നു, സാമ്പത്തിക കെടുകാര്യസ്ഥതയും അച്ചടക്കമില്ലായ്മയും വ്യാപകമായ അഴിമതിയും രാജ്യത്തുണ്ടായിരുന്നു. വളരെ പ്രതിസന്ധി നിറഞ്ഞ സാഹചര്യമായിരുന്നു അതെന്നും ധവളപത്രത്തിൽ വ്യക്തമാക്കുന്നു.















