സസ്പെൻസുകൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടിയുടെ വ്യത്യസ്തമായ വേഷപ്പകർച്ചയും രൂപവും ഭാവവുമൊക്കെ ഇതിനോടകം സിനിമാ പ്രേക്ഷകർക്കിടയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. ചിത്രത്തിൽ മമ്മൂട്ടിയുടെ പേരിനെ സംബന്ധിച്ചും കഥയെ സംബന്ധിച്ചും നിരവധി വാർത്തകൾ പ്രചരിച്ചതിനെ തുടർന്ന് സിനിമയെക്കുറിച്ച് ചെറിയൊരു സൂചന നൽകിയിരിക്കുകയാണ് സംവിധായകൻ രാഹുൽ സദാശിവൻ. ഭ്രമയുഗം കുഞ്ചമന്‍ പോറ്റിയുടെ കഥയല്ലെന്നാണ് രാഹുൽ സദാശിവൻ വെളിപ്പെടുത്തിയിരിക്കുന്നത്. പൂർണമായും ഫിക്ഷണൽ സ്റ്റോറിയാണെന്നും രാഹുൽ സദാശിവൻ പറഞ്ഞു.
‘ഭ്രമയുഗം പൂർണമായും ഫിക്ഷണൽ സ്റ്റോറിയാണ്. ഞങ്ങൾ വേറെ ഒന്നും അഡ്രസ് ചെയ്യുന്നില്ല. ഇത് കുഞ്ചമന്‍ പോറ്റിയുടെ കഥയല്ല. പതിമൂന്ന് വയസിന് മുകളിലുള്ള കുട്ടികള്‍ക്കും കാണാന്‍ പറ്റുന്ന ഒരു സിനിമയാണ്. ഭൂതകാലത്തിന്റെ അത്രയില്ലെങ്കിലും ചെറുതായിട്ടൊരു ഹൊറർ എലമൻസുണ്ട്.
എന്നാൽ, ഒരു സസ്‌പെന്‍സ് ത്രില്ലര്‍ എന്നും പറയാം. ഒരു പിരീയ്ഡ് പടമാണ്. അത് ബ്ലാക് ആന്‍ഡ് വൈറ്റില്‍ കണ്ടാല്‍ എക്‌സ്പീരിയന്‍സ് വേറെ ആയിരിക്കും.അതാണ് അതിന്റെ ഒരു പുതുമ. ഈ കാലത്ത് ബ്ലാക് ആന്‍ഡ് വൈറ്റില്‍ ഒരു സിനിമ കാണുക എന്നതാണ് ഭ്രമയുഗത്തിന്റെ എക്‌സൈറ്റിംഗ് ഫാക്ടര്‍.’- രാഹുൽ സദാശിവൻ പറഞ്ഞു.
കുഞ്ചമൻ പോറ്റി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രം ഫെബ്രുവരി 15-നാണ് തിയേറ്ററുകളിലെത്തുക. . പ്രതിനായക വേഷത്തിലായിരിക്കും മമ്മൂട്ടി ഭ്രമയുഗത്തിൽ എത്തുന്നതെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തിൽ വേരൂന്നിയ കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടിക്കൊപ്പം യുവതാരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ ആചാരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ഭ്രമയുഗം പ്രദർശനത്തിനെത്തുന്നത്.















