രാജ്യത്ത് നിന്ന് മാത്രമല്ല വിദേശത്ത് നിന്ന് വരെ അയോദ്ധ്യയിലേക്ക് ഭക്തജനങ്ങൾ ഒഴുകിയെത്തുകയാണ്. രാംലല്ലയെ ഒരു നോക്ക് കണ്ട് സായൂജ്യമടയാൻ ശ്രീലങ്കൻ എംപി നമൽ രാജപക്‌സെയും രാമക്ഷേത്രത്തിലെത്തി. ഭാര്യയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ദർശനം നടത്തിയതിന് പിന്നാലെ അനുഗ്രഹീതരായി എന്ന് ഇരുവരും പറഞ്ഞു.
രാംലല്ലയെ ദർശിക്കാനായത് ഭാഗ്യമാണെന്നും എംപി പറഞ്ഞു. ശ്രീരാമചന്ദ്ര പ്രഭുവിന്റെ പഴയ പ്രതാപം വീണ്ടെടുത്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാമജന്മഭൂമിയിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. രാമായണവുമായി ഏറെ ബന്ധമുള്ള ശ്രീലങ്കയിൽ നിന്ന് എത്താൻ കഴിഞ്ഞതിനാലും ബുദ്ധമത സംസ്കാരവുമായി ഇടയടുപ്പവുമുള്ള സമൂഹത്തിൽ വളർന്നതിനാലും അയോദ്ധ്യ സന്ദർശനം ഇരട്ടി സന്തോഷമാണെന്ന് അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രം ഉയരുന്നതിൽ നേരിട്ട് ഇടപെട്ട പ്രധാനമന്ത്രി തന്നെ ക്ഷേത്രം ജനങ്ങൾക്കായി സമർപ്പിച്ചു. വളരെ സന്തോഷം നൽകുന്ന കാര്യമാണിത്. ശ്രീരമാന്റെ ജന്മസ്ഥലം നൂറ്റാണ്ടുകൾക്കിപ്പുറം അതിന്റെ പ്രതാപം വീണ്ടെടുത്തു. എന്നേ പോലെ തന്നെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഭക്തരാണ് രാമക്ഷേത്രത്തിലെത്താൻ കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.