ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീഷണി മുഴക്കി തൃണമൂൽ കോൺഗ്രസ് നേതാവ് സിദ്ധിഖ് ചൗധരി. ജ്ഞാൻവാപിയിൽ ഹിന്ദുക്കൾക്ക് പ്രാർത്ഥിക്കാമെന്ന കോടതി വിധി വന്നതോടെയാണ് യോഗി ആദിത്യനാഥിനെതിരെ ഭീഷണി മുദ്രാവാക്യങ്ങളുമായി സിദ്ധിഖിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഹിന്ദുക്കക്കളെ ജ്ഞാൻവാപിയിൽ പ്രവേശിപ്പിക്കാൻ സമ്മതിക്കില്ലെന്നും യോഗി ആദിത്യനാഥ് ബംഗാളിൽ എത്തിയാൽ അദ്ദേഹത്തെ വളയുമെന്നും സിദ്ധിഖ് ഭീഷണി മുഴക്കി.
”ഹൈന്ദവ വിശ്വാസികൾ പള്ളിയിൽ നടത്തുന്ന പൂജകൾ എത്രയും പെട്ടന്ന് അവസാനിപ്പിച്ച് നിർത്തി പോകണം. പള്ളിയിൽ ആരെങ്കിലും ക്ഷേത്രം നിർമ്മിക്കാൻ ശ്രമിച്ചാൽ ഞങ്ങൾ വെറുതെ കണ്ടിരിക്കുകയോ മിണ്ടാതിരിക്കുകയോ ചെയ്യില്ല. യോഗി ആദിത്യനാഥ് ബംഗാളിൽ എത്തിയാൽ ഞങ്ങൾ അദ്ദേഹത്തെ വെറുതെ വിടില്ല.”- സിദ്ധിഖ് ചൗദ്ധരി പറഞ്ഞു.
കഴിഞ്ഞ മാസം 31-ാം തീയതിയാണ് ഹൈന്ദവർക്ക് ജ്ഞാൻവാപിയിൽ പൂജകൾ നടത്താമെന്ന കോടതി വിധി വന്നത്. ഇതേത്തുടർന്ന് പള്ളിയിലെ പൂജകൾ നിർത്തണമെന്ന ആവശ്യവുമായി ജാമിയത്ത് ഉലമ-ഇ-ഹിന്ദ് റാലിയും പ്രതിഷേധവുമായി രംഗത്തെത്തി. കൊൽക്കത്തയിൽ നടത്തിയ പ്രതിഷേധം സംഘർഷാവസ്ഥയിലേക്കും നീങ്ങിയിരുന്നു. ലക്‌നൗവിൽ അരാജകത്വം സൃഷ്ടിച്ച് ഇസ്ലാമിക പുരോഹിതനും ഇത്തിഹാ-ഇ-മില്ലത്ത് കൗൺസിൽ തലവനുമായ തൗക്കീർ റാസാ ഖാനും ഇന്ന് പ്രതിഷേധം ഉയർത്തിയിരുന്നു. പ്രതിഷേധത്തെ തുടർന്നുണ്ടായ കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റു. കലാപ ആഹ്വാനങ്ങൾക്കെതിരെ പേലീസ് കേസെടുത്തിട്ടുണ്ട്.















