വയനാട്: മാനന്തവാടിയിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ ആനയെ മയക്കുവെടിവച്ച് പിടികൂടുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. മയക്കുവെടിവയ്‌ക്കാനുള്ള ഉത്തരവ് ഉടൻ ഇറക്കും. ആവശ്യമെങ്കിൽ കൂടുതൽ താപ്പനകളെ വയനാട്ടിലേക്ക് എത്തിക്കും.
കോടതിയെ സാഹചര്യം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിഷേധം കാരണം ഉദ്യോഗസ്ഥർക്ക് നടപടികൾ എടുക്കാൻ സാധിക്കുന്നില്ല. ജനങ്ങൾ സംയമനം പാലിക്കണം. സ്ഥിതിഗതികൾ മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് പടമലയിലെ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയത്. തുടർന്നാണ് അജീഷിനെ ചവിട്ടി കൊന്നത്. കാട്ടനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് അജീഷ് മരിച്ചത്. മൃതദേഹവും വഹിച്ച് കൊണ്ട് മാനന്തവാടി നഗരത്തിൽ ജനങ്ങൾ പ്രതിഷേധിക്കുകയാണ്.