വയനാട്: മാനന്തവാടിയിലേക്ക് ഉടൻ ഇല്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. നഗരത്തിൽ കാട്ടാന ഒരാളുടെ ജീവനെടുത്തതിനെ തുടർന്ന് വൻ പ്രതിഷേധമാണ് നടക്കുന്നത്. അതുകൊണ്ട് ജനങ്ങൾ ശാന്തമായതിന് ശേഷം മാനന്തവാടിയിലെത്തും. വിഷയത്തെ വികാരപരമായാണ് ജനങ്ങൾ കാണുന്നത്. മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും സംഭവത്തെ കുറിച്ച് ചർച്ച നടത്തും. മരിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും ആശ്രിതർക്ക് ജോലിയും നൽകുമെന്ന് മന്ത്രി അറിയിച്ചു.
ഇന്ന് രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തിൽ അജീഷ് (47) കൊല്ലപ്പെട്ടത്. മതിൽ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. കർണാടക റേഡിയോ കോളർ ഘടിപ്പിച്ച് കാടുകയറ്റിയ ആനയാണ് ജനവാസമേഖലയിലേക്കെത്തിയത്. കാട്ടാന ജനവാസമേഖലയിൽ തന്നെ തുടരുന്നതിനാൽ മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കുറുവ, കുറുക്കന്മൂല, പയ്യമ്പള്ളി, കാടൻകൊല്ലി ഡിവിഷനുകളിലാണ് ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചത്.