കൊൽക്കത്ത: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ മിഥുൻ ചക്രവർത്തിയുടെ (73) ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ട് ഡോക്ടർമാർ. സ്ട്രോക്ക് ആണ് സംഭവിച്ചതെന്നും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു.
കൊൽക്കത്തയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 9.40ഓടെയായിരുന്നു സംഭവം. എംആർഐ അടക്കമുള്ള പരിശോധനകൾക്കൊടുവിൽ മിഥുൻ ചക്രവർത്തിക്ക് ഇസ്കെമിക് സെറിബ്രോവാസ്കുലർ ആക്സിഡന്റ് അഥവാ സ്ട്രോക്ക് സംഭവിച്ചതായി സ്ഥിരീകരിച്ചു. ന്യൂറോ-ഫിസിഷ്യൻ, കാർഡിയോളജിസ്റ്റ്, ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് എന്നിവരടങ്ങുന്ന സംഘമാണ് ചക്രവർത്തിയെ നിരീക്ഷിക്കുന്നതെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
ഡാൻസ് ബംഗ്ലാ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ വിധി കർത്താവായാണ് മിഥുൻ ചക്രവർത്തി ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. 2024ലെ പദ്മഭൂഷൻ ജേതാവ് കൂടിയാണ് അദ്ദേഹം. മൃഗയ എന്ന നാടകത്തിലൂടെ 1976ൽ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരം ഹിന്ദി, ബംഗാളി, ഒഡിയ, ഭോജ്പൂരി, തമിഴ് തുടങ്ങിയ ഭാഷകളിലെ 350-ഓളം ചിത്രങ്ങളിൽ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.