ലക്നൗ: ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി വെസ്റ്റിൻഡീസ് ഫാസ്റ്റ് ബൗളർ ഷമർ ജോസഫ്. മൂന്ന് കോടി രൂപയ്‌ക്ക് ലക്‌നൗ സൂപ്പർ ജയന്റ്‌സ് താരത്തെ ടീമിലെത്തിച്ചു. താരത്തെ ടീമിലെത്തിച്ച കാര്യം ടീം തന്നെയാണ് ഇൻസ്റ്റ്രാമിലൂടെ അറിയിച്ചത്. ഇംഗ്ലണ്ട് താരം മാർക്ക് വുഡിന് പകരക്കാരനായാണ് താരത്തെ ടീമിലെത്തിച്ചത്. പരിക്കിനെ തുടർന്നാണ് മാർക്ക് വുഡ് ഐപിഎല്ലിൽ നിന്ന് പിന്മാറിയത്.
27 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഓസ്‌ട്രേലിയൻ മണ്ണിൽ വെസ്റ്റിൻഡീസിന് ചരിത്ര വിജയം സമ്മാനിച്ചാണ് ഷമർ ശ്രദ്ധേയനായത്. ഗാബയിൽ ഓസ്ട്രേലിയയ്‌ക്കെതിരെ നടന്ന രണ്ടാം ടെസ്റ്റിൽ വെസ്റ്റിൻഡീസിന്റെ വിജയശിൽപ്പിയായിരുന്നു താരം. എഴ് വിക്കറ്റുകളാണ് മത്സരത്തിൽ താരം സ്വന്തമാക്കിയത്.
കന്നി ടെസ്റ്റിൽ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയാണ് ഷമർ ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തന്റെ വരവറിയിച്ചത്. ഓസീസിന്റെ പതനത്തിന്റെ കാരണവും ഷമറാണ്.