ഇസ്ലാമാബാദ്: പാകിസ്താനിൽ സർക്കാർ രൂപീകരിക്കാനുള്ള ശ്രമവുമായി മുസ്ലീംലീഗ്- എനും പാകിസ്താൻ പീപ്പിൾസ് പാർട്ടിയും. ഒരു പാർട്ടിക്കും കേവലഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ് ഇരു പാർട്ടികളും കൈകോർക്കുന്നത്. ഏറ്റവും കൂടുതൽ അംഗങ്ങൾ ഇമ്രാന്റെ പാക് തെഹ്രികെ ഇൻസാഫിന്റെ പിന്തുണയുള്ള സ്വതന്ത്രന്മാരുടെ പക്ഷത്താണെങ്കിലും സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.
ഏറ്റവും കൂടുതൽ അംഗങ്ങൾ തെഹ്രികെ ഇൻസാഫ് സ്വതന്ത്രന്മാർക്കാണെങ്കിലും ഇതിൽ എത്രപേർ പിടിഐ പക്ഷത്ത് ഉറച്ചുനിൽക്കുമെന്ന് ഉറപ്പില്ല. സൈന്യത്തിന്റെ ശക്തമായ എതിർപ്പും വിമതർക്ക് ഒന്നിച്ചുചേർന്ന് സർക്കാർ രൂപീകരിക്കാൻ തടസമാകുന്നുണ്ട്. ശക്തമായ സർക്കാർ രൂപീകരിക്കാൻ സാധിക്കട്ടേയെന്ന് തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സൈന്യം പ്രതികരിച്ചത് ഇതിനുള്ള സൂചനയാണ്. ഈ അവസരത്തിലാണ് മുസ്ലീംലീഗ്- എനും പാകിസ്താൻ പീപ്പിൾസ് പാർട്ടിയും ഒന്നിക്കാൻ ഒരുങ്ങുന്നത്.
സൈന്യത്തിന്റെ പിന്തുണ നവാസ് ഷെരീഫിന്റെ മുസ്ലീംലീഗ്- എന്നിനാണ്. രാജ്യത്തെ നിലവിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയും പാർട്ടി തന്നെ. ഈ അവസരത്തിൽ സഖ്യ സർക്കാരിൽ നവാസ് ഷെരീഫോ അതേ സഹോദരൻ ഷഹബാസ് ഷെരീഫോ പ്രധാനമന്ത്രിയായി വരാനാണ് സാദ്ധ്യത. നിരവധി മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ വരാനുണ്ട്. ഇന്നത്തോടെ പാക് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.