ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന് ഭാരത രത്‌ന നൽകാൻ തീരുമാനിച്ച കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി അദ്ധ്യക്ഷൻ ഗുലാംനബി ആസാദ്. ചൗധരി ചരൺ സിംഗും പി.വി. നരസിംഹ റാവുവും ഭാരതരത്‌നത്തിന് അർഹരാണെന്നും അത് നൽകിയതിൽ താൻ പ്രധാനമന്ത്രിയോട് നന്ദി പറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മുവിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇൻഡി മുന്നണിയുടെ തകർച്ചയേയും അദ്ദേഹം വിമർശിച്ചു. ബിജെപിക്ക് 400 സീറ്റുകൾ ലഭിച്ചാൽ അതിന്റെ ഉത്തരവാദി കോൺഗ്രസാണ്. ഇൻഡി മുന്നണിയെ നയിക്കാൻ ചുമതലപ്പെട്ടവരാണ് അത്തരമൊരു സാഹചര്യമുണ്ടായാൽ അതിന് ഉത്തരം നൽകേണ്ടത്. മുന്നണിയിലുളള മറ്റുള്ളവർ ബിജെപിക്കൊപ്പം പോയതായാണ് മനസിലാക്കാൻ സാധിക്കുന്നതെന്നും ആസാദ് പറഞ്ഞു.
മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇക്കാലയളവിൽ ജമ്മുകശ്മീരിൽ സ്ഥാപിക്കപ്പെട്ടു. സംസ്ഥാന, കേന്ദ്ര വിഹിതങ്ങൾ തുല്യമായി സംസ്ഥാനത്തിന്റെ എല്ലാഭാഗത്തിനുമായി ഉപകരിക്കപ്പെടും വിധം വീതിച്ചു. മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, പ്രദേശിക ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവ സ്ഥാപിച്ചു. ഇത് കശ്മീരിന്റെ ആരോഗ്യസംവിധാനത്തെ മെച്ചപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് വിട്ട് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഗുലാംനബി ആസാദ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി സ്ഥാപിച്ചത്. രാഹുലിന്റെ നേതൃത്വം കോൺഗ്രസിനെ എങ്ങനെയൊക്കെ തകർത്തുവെന്നത് ചൂണ്ടിക്കാട്ടിയുള്ളതായിരുന്നു കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷയായി പ്രവർത്തിച്ചിരുന്ന സോണിയയ്‌ക്ക് നൽകിയ രാജിക്കത്ത്.















